കൊച്ചി: കൊച്ചി കതൃക്കടവിലെ ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച 50 ഓളം പേർക്ക് ഭക്ഷ്യവിഷബാധ. അൽ റഹീം റസ്റോറന്റിലായിരുന്നു സംഭവം. ഭക്ഷണം കഴിച്ചതിന് പിന്നാലെ ആളുകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ഈ മാസം പത്തിനാണ് സംഭവം ഉണ്ടായത്. കുഴിമന്തി കഴിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട അൻപതോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
സംഭവത്തിൽ ഇന്നലെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി ലഭിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ഹോട്ടൽ അടപ്പിച്ചു. ഇന്ന് രാവിലെ ഹോട്ടലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
ഹോട്ടലിൽ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. പരിശോധനാ ഫലം ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.


