പാലക്കാട്: പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിലെ ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ ശിക്ഷ നിർണയിക്കുക.
ശിക്ഷാ നിർണയത്തിന് മുന്നോടിയായി പ്രതി ചെന്താമരയുടെ കൗൺസിലിംഗ് റിപ്പോർട്ട് ജില്ലാ നിയമസഹായ അതോറിറ്റി കോടതിയിൽ സമർപ്പിച്ചു. എന്നാൽ, റിപ്പോർട്ടിൽ പ്രതി പറഞ്ഞ കാര്യങ്ങൾ അതേപടി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും സ്വതന്ത്രമായ വിലയിരുത്തലുകളോ കണ്ടെത്തലുകളോ ഉൾപ്പെടുത്തിയിട്ടില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പ്രതിക്ക് ആവശ്യമായ ചികിത്സ ലഭിക്കാത്തതാണ് രണ്ടാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന പരാമർശം റിപ്പോർട്ടിലുള്ളത് അംഗീകരിക്കാനാകില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ജയിലിൽ ജോലി ചെയ്ത് ലഭിക്കുന്ന വരുമാനം കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നൽകാമെന്ന പ്രതിയുടെ വാദവും സ്വീകരിക്കാനാവില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഭാര്യയും മകളും വിട്ടുപോയതാണ് തന്റെ ജീവിതത്തിലെ ഏക ദുഃഖമെന്ന പ്രതിയുടെ നിലപാടും പ്രോസിക്യൂഷൻ കോടതിയിൽ പരാമർശിച്ചു.
അതേസമയം, പ്രതിയോട് മാനുഷിക സമീപനം സ്വീകരിക്കണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം. “പാപത്തെ വെറുക്കുക, പാപിയെ സ്നേഹിക്കുക” എന്ന സമീപനമാണ് ഈ കേസിൽ സ്വീകരിക്കേണ്ടതെന്നും, ഭാവിയിൽ പ്രതിക്ക് മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.












