മുംബൈ: ബോളിവുഡ് താരം ആമിർ ഖാനെതിരെ ഗുരുതര വധഭീഷണി ഉയർന്നു. അയോധ്യ തപസ്വി ഛാവണി പീഠാധീശ്വർ ജഗദ്ഗുരു പരമഹംസ് ആചാര്യയാണ് ആമിർ ഖാനെ കൊലപ്പെടുത്തുന്നവർക്ക് അഞ്ച് കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആമിർ ഖാന്റെ വ്യക്തിജീവിതത്തെയും വിവാഹങ്ങളെയും ചൊല്ലി ഉയർന്ന വിവാദങ്ങൾക്കിടെയാണ് പരമഹംസ് ആചാര്യയുടെ പരാമർശം. മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ ആമിർ ഖാനെതിരെ നടത്തിയ വിമർശനത്തെ പിന്തുണച്ചുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്. ആമിർ ഖാൻ മൂന്ന് തവണ വിവാഹിതനായതും മൂന്ന് പേരും ഹിന്ദു സ്ത്രീകളായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം സംഭവങ്ങൾ സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്നുവെന്നും അതിനെതിരെ ശക്തമായ നടപടി ആവശ്യമാണെന്നും പരമഹംസ് പറഞ്ഞു.
ശ്രീരാമന്റെ ജന്മസ്ഥാനമായ അയോധ്യയിൽ നിന്നാണ് ഈ പ്രഖ്യാപനം നടത്തുന്നതെന്നും, ആമിർ ഖാനെ കൊലപ്പെടുത്തുന്ന വ്യക്തിയുടെ നിയമപരമായ ചെലവുകൾ ഏറ്റെടുക്കുന്നതിനൊപ്പം കുടുംബത്തിന് അഞ്ച് കോടി രൂപ നൽകുമെന്നും പരമഹംസ് ആചാര്യ അവകാശപ്പെട്ടു. ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശങ്ങൾ.
1986-ൽ റീന ദത്തയെ വിവാഹം കഴിച്ച ആമിർ ഖാൻ പിന്നീട് 2002-ൽ വേർപിരിഞ്ഞു. 2005-ൽ ചലച്ചിത്ര പ്രവർത്തക കിരൺ റാവുവിനെ വിവാഹം കഴിച്ചെങ്കിലും 2021-ൽ ഇരുവരും വേർപിരിയൽ പ്രഖ്യാപിച്ചു. തുടർന്ന് ഈ മാസം ഗൗരി സ്പ്രാറ്റുമായുള്ള വിവാഹവാർത്തയാണ് വീണ്ടും ചർച്ചയായത്.
വധഭീഷണിയുമായി ബന്ധപ്പെട്ട് ആമിർ ഖാന്റെയോ അദ്ദേഹത്തിന്റെ പ്രതിനിധികളുടെയോ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.


