മലപ്പുറം: നിലമ്പൂർ കരുളായി നെടുങ്കയം വനപാതയിൽ പുള്ളിപ്പുലിയെ കണ്ടതിനെ തുടർന്ന് നാട്ടുകാരും വിനോദസഞ്ചാരികളും ജാഗ്രതയിൽ. ചെറുപുഴ- നെടുങ്കയം വനപാതയിൽ ചെറുപുഴ വനം ചെക്ക് പോസ്റ്റിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അകലെയുള്ള ആനപ്പാറയ്ക്ക് മുകളിലാണ് പുലിയെ കണ്ടെത്തിയത്.
കോഴിക്കോട് ഐടിഐയിൽ വാച്ച്മാനായി ജോലി ചെയ്യുന്ന നെടുങ്കയം ട്രൈബൽ വില്ലേജ് സ്വദേശി രതീഷാണ് പുലിയെ ആദ്യം കണ്ടത്. രാവിലെ ആറുമണിയോടെ ജോലിക്ക് പോകുന്നതിനിടെയാണ് റോഡരികിലെ പാറപ്പുറത്ത് വിശ്രമിക്കുന്ന പുലിയെ ശ്രദ്ധയിൽപ്പെട്ടത്.
രതീഷ് സഞ്ചരിച്ച ഓട്ടോ നിർത്തി മൊബൈൽ ഫോണിൽ ചിത്രങ്ങളും വീഡിയോയും പകർത്തിയപ്പോഴും പുലി പ്രകോപനമില്ലാതെ അവിടെ തന്നെ കിടക്കുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷം പുലി പാറയിൽ നിന്ന് ഇറങ്ങി കാട്ടിലേക്ക് മടങ്ങി. ഈ വനപാതയിൽ ആന, മാൻ, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളെ കാണാറുണ്ടെങ്കിലും പകൽ സമയത്ത് പുലിയെ കാണുന്നത് അപൂർവമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
അതേസമയം, നെടുങ്കയം ട്രൈബൽ വില്ലേജ് മേഖലയിൽ പുലിശല്യം നേരത്തെ തന്നെ ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. നിരവധി ആടുകളെയും വളർത്തുനായകളെയും പുലി പിടികൂടിയിട്ടുണ്ടെന്നും അവർ പറയുന്നു.
നിരവധി വിനോദസഞ്ചാരികൾ കടന്നുപോകുന്ന പാതയായതിനാൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും പുലിശല്യത്തിന് പരിഹാരം കാണാനും വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.












