ന്യൂഡൽഹി: ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്. ജന്തർ മന്തറിൽ 20 ദിവസമായി നിരാഹാര സമരം തുടരുന്നതിനിടെ ശനിയാഴ്ച പുലർച്ചെയാണ് ഡൽഹി പൊലീസ് അദ്ദേഹത്തെ വി.എം.എം.സി & സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയത്.
ആശുപത്രിയിൽ എത്തിച്ചപ്പോൾ വാങ്ചുക്ക് ബോധാവസ്ഥയിലായിരുന്നുവെന്നും ദീർഘകാല നിരാഹാരം മൂലം കടുത്ത ശാരീരിക ക്ഷീണവും നിർജലീകരണവും ഉണ്ടായിരുന്നുവെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. പരിശോധനയിൽ രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതായും മൂത്രത്തിലെ കീറ്റോൺ നില അപകടകരമായി ഉയർന്നതായും കണ്ടെത്തിയിട്ടുണ്ട്.
ആരോഗ്യനില മോശമായിട്ടും ഡോക്ടർമാർ നിർദേശിച്ച ചികിത്സകൾ സ്വീകരിക്കാൻ വാങ്ചുക്ക് തയ്യാറാകുന്നില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ഐ.വി ഫ്ലൂയിഡുകൾ, ഒ.ആർ.എസ് ലായനി, മറ്റ് മരുന്നുകൾ എന്നിവ അദ്ദേഹം നിരസിച്ചതായും, ചികിത്സ സ്വീകരിക്കാൻ ഡോക്ടർമാർ കൗൺസിലിങ് നൽകുന്നതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, വാങ്ചുക്കിന്റെ അനുമതിയില്ലാതെ ചികിത്സ നൽകാൻ പാടില്ലെന്നും അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ജെ ആംഗ്മോ രംഗത്തെത്തി. ചികിത്സാ നടപടികളിൽ സുതാര്യത കുറവാണെന്നും അവർ ആരോപിച്ചു.
സോനം വാങ്ചുക്കിനെ ജന്തർ മന്തറിലെ സമരവേദിയിൽ നിന്ന് മാറ്റിയ പൊലീസ് നടപടിക്കെതിരെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തി. സമാധാനപരമായി സമരം നടത്തിയിരുന്ന വാങ്ചുക്കിനെ നീക്കം ചെയ്തത് തെറ്റായ നടപടിയാണെന്ന് അദ്ദേഹം സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ചു.
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് 59കാരനായ വാങ്ചുക്ക് നിരാഹാര സമരം നടത്തിവന്നത്. 20 ദിവസം പിന്നിട്ട സമരത്തിനിടെ ഒമ്പത് കിലോയോളം ഭാരം കുറഞ്ഞതായും ആരോഗ്യനില ഗുരുതരമാകാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
വാങ്ചുക്കിന്റെ ജീവൻ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഡൽഹി ഹൈക്കോടതി നിർദേശിച്ചതിന് പിന്നാലെയാണ് പൊലീസ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. നിലവിൽ സഫ്ദർജംഗ് ആശുപത്രിയിലെ പ്രത്യേക മെഡിക്കൽ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്.












