തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കാലാവസ്ഥ വകുപ്പ്. മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ കൂടി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇതോടെ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, എറണാകുളം, മലപ്പുറം, തൃശ്ശൂർ എന്നീ എട്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് നിലവിലുള്ളത്.
വടക്കൻ ജില്ലകളിലും സംസ്ഥാനത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, നാളെ മുതൽ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് ഇല്ല. വരും ദിവസങ്ങളിൽ മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.




