ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട് കനത്ത പ്രതിഷേധം അഴിച്ചുവിട്ട കോക്രോച്ച് പാർട്ടിയുമായി ചർച്ചയ്ക്ക് തയ്യാറായി കേന്ദ്ര സർക്കാർ. ആരോഗ്യ മന്ത്രി ജെപി നഡ്ഡയുമായി കോക്രോച്ച് പാർട്ടി പ്രതിനിധികൾ ചർച്ച നടത്തി. കൃത്യമായ ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതടക്കമുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ പ്രതിഷേധം തുടരുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സിജെപി വക്താവ് സൗരവ് ദാസ് എക്‌സിലൂടെ അറിയിച്ചു.
പ്രതിഷേധക്കാരുടെ ഭാഗത്തുനിന്ന് ഇന്ന് രാവിലെയാണ് ചർച്ചയ്ക്കുള്ള ആവശ്യമുണ്ടായതെന്ന് ജെപി നഡ്ഡ അറിയിച്ചു. സിജെപി വക്താക്കളയാ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരാണ് നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയത്. രണ്ട് മണിക്കൂർ കാത്തിരിപ്പിന് ശേഷം 10 മിനിറ്റാണ് നഡ്ഡയുമായി ചർച്ച നടത്തിയതെന്ന് അശുതോഷ് രങ്ക അറിയിച്ചു. തങ്ങളുടെ ആവശ്യം നിറവേറ്റപ്പെടുന്നത് വരെ സമാധാനപരമായ പ്രതിഷേധം തുടരുക തന്നെ ചെയ്യുമെന്നും സൗരവ് ദാസും വ്യക്തമാക്കി.


