കോഴിക്കോട്: പാളയത്ത് യുവാവ് കൊല്ലപ്പെട്ട കേസിൽ 22കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട ബിജുവിന്റെ ബന്ധുവാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. കസബ പൊലീസാണ് പ്രതിയെ ചോദ്യം ചെയ്ത് വരുന്നത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന പ്രതിയെ നേരത്തെ ബിജുവും സുഹൃത്തുക്കളും ചേർന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് പാളയത്തെ ഒറ്റമുറി വീട്ടിൽ ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ബിജുവിന്റെ അമ്മയാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിനെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ബിജുവിന്റെ ശരീരത്തിൽ 45 മുറിവുകളുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നു. കഴുത്തിന്റെ മുൻവശത്തും പിൻവശത്തുമായി 18 കുത്തേറ്റതായും റിപ്പോർട്ടിൽ പറയുന്നു. അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാകാം കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
അതേസമയം, ലഹരി സംഘങ്ങളുമായുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് ബിജുവിന്റെ കുടുംബം ആരോപിച്ചിരുന്നു. പ്രദേശത്തെ ലഹരി ഉപയോഗവും അനധികൃത മദ്യപാനവും സംബന്ധിച്ച വിവരങ്ങൾ ബിജു പൊലീസിനെ അറിയിച്ചിരുന്നുവെന്നും അതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
എന്നാൽ ഈ ആരോപണം പൊലീസ് നിഷേധിച്ചു. ബിജു ഇത്തരമൊരു വിവരം പൊലീസിന് നൽകിയിട്ടില്ലെന്നും കുടുംബത്തിന്റെ ആരോപണത്തിന് അടിസ്ഥാനമില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.




