തിരുവനന്തപുരം: തിരുവനന്തപുരം കല്ലറയിൽ 17കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറ്റിമൂട് അനു മന്ദിരത്തിൽ അഖിൽ (17) ആണ് മരിച്ചത്. കല്ലറ ജംഗ്ഷനിലെ എംജിഎം ടവറിന്റെ മൂന്നാം നിലയിലെ സ്റ്റെയർകെയ്സിന്റെ ജനൽ കമ്പിയിലാണ് അഖിലിനെ കണ്ടെത്തിയത്.
ഇന്നലെ രാത്രി 11.30ഓടെ വീട്ടിൽ നിന്ന് പുറത്തുപോയ അഖിൽ ഏറെ നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് സഹോദരൻ അക്ഷയ് സുഹൃത്തുക്കളുമായി ചേർന്ന് തിരച്ചിൽ നടത്തി. തുടർന്ന് എംജിഎം ടവറിൽ നിന്ന് അഖിലിനെ കണ്ടെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്ലസ് ടു പഠനം പൂർത്തിയാക്കിയ അഖിൽ ഒരു പെൺകുട്ടിയുമായി പ്രണയബന്ധത്തിലായിരുന്നെന്നും ആ ബന്ധം തകർന്നതിനെ തുടർന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)




