തിരുവനന്തപുരം: പി.എസ്.സി പരീക്ഷകളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) ഇതുവരെ 35-ലധികം പരാതികൾ ലഭിച്ചു. പരീക്ഷയ്ക്ക് മുമ്പ് യാതൊരു മുന്നറിയിപ്പും നൽകാതെ സിലബസ് മാറ്റിയെന്നാണ് കൂടുതലായും ഉയരുന്ന പരാതി. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കൂടുതൽ പരാതികളിലും അന്വേഷണം നടത്താനാണ് എസ്‌ഐടി തീരുമാനിച്ചിരിക്കുന്നത്. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ശനിയാഴ്ച ഡിജിപിക്ക് സമർപ്പിക്കും.
എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് റിസർച്ച് ഓഫീസർ പരീക്ഷയുമായി ബന്ധപ്പെട്ട പരാതികളും എസ്‌ഐടി പരിശോധിക്കും. ഉദ്യോഗാർഥികളുടെ മൊഴി നാളെ രേഖപ്പെടുത്തും. ചോദ്യപേപ്പർ തയ്യാറാക്കിയതിലും ക്രമക്കേട് ഉണ്ടായെന്നാണ് ആരോപണം.
2020 മുതൽ 2025 വരെയുള്ള കാലയളവിലാണ് കൂടുതൽ പരീക്ഷാ ക്രമക്കേടുകൾ നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. ഐടി വിദഗ്ധരുടെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്.പി സക്കറിയ മാത്യുവും ഡിവൈഎസ്പി ജി. അജയ് നാഖും അന്വേഷണ സംഘത്തിലുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി എസ്‌ഐടി സംഘം പി.എസ്.സി ആസ്ഥാനത്ത് വീണ്ടും പരിശോധന നടത്തി. കമ്പ്യൂട്ടറുകളും പരീക്ഷയുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയറുകളും വിശദമായി പരിശോധിച്ചു. ഐടി വിദഗ്ധരും പരിശോധനയിൽ പങ്കെടുത്തു. ഇതുവരെ നാല് തവണയാണ് എസ്‌ഐടി സംഘം പി.എസ്.സി ആസ്ഥാനത്ത് പരിശോധന നടത്തിയത്.




