സമരം ജീവിതമാക്കിയ കമ്മ്യൂണിസ്റ്റ്, അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദം, തലകുനിക്കാത്ത പോരാട്ടവീര്യം… വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന ‘വി.എസ്.’—രണ്ടക്ഷരത്തിൽ കേരളീയരുടെ ഇടനെഞ്ചിൽ കുടിയിരുത്തിയ ഐതിഹാസികമായ ഒരു രാഷ്ട്രീയ ചരിത്രമാണത്. കാലമെത്ര മാറിയാലും, ആ പോരാട്ടവീര്യത്തിന്റെ നിഴലിനുപോലും മങ്ങലേൽക്കില്ല. ഇതാ വിഎസ് ഇല്ലാത്ത ഒരാണ്ട്. ഐതിഹാസികമായ ഒരു കാലം, ചരിത്രം ഇവിടെ ബാക്കിയാണ്. വിഡി സതീശനേക്കാൾ മുന്നേ, ജനങ്ങൾ തെരുവിലിറങ്ങി ആദ്യമായി ഒരാളെ മുഖ്യമന്ത്രിയാക്കിയത് വിഎസിനെയാണ്. നീട്ടിയതും കുറുക്കിയുമുള്ള ആ സവിശേഷമായ സംസാരശൈലി നാടൊട്ടുക്കും നെഞ്ചേറ്റി.
വി എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികദിനത്തിൽ അനശ്വരരായ പുന്നപ്ര– വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാട്ടിൽ നിർമിച്ച വി എസ് സ്‌മാരകം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നാടിന് സമർപ്പിച്ചു. പുന്നപ്ര– വയലാറിന്റെ സമരനായകനായ വി എസിന്റെ മൃതദേഹം വലിയ ചുടുകാട്ടിലാണ് സംസ്‌കരിച്ചത്. അവിടെത്തന്നെയാണ് സിപിഐ എം സ്‌മാരകം നിർമിച്ചത്. പ്രശസ്‌ത വാസ്‌തുശിൽപ്പി ജി ശങ്കറിന്റേതാണ് രൂപരേഖ.
നിലയ്ക്കാത്ത രാഷ്ട്രീയ പോരാട്ടം എന്നൊരു അർത്ഥം കൂടി വിഎസ് എന്ന പേരിനുണ്ട്. സമരമായിരുന്നു ആ ജീവിതം, പോരാട്ടമായിരുന്നു ജീവിതയാത്രകളും. തോൽവികൾ വിഎസിനെ തളർത്തിയതേയില്ല. ജനം പ്രതിപക്ഷത്ത് നിന്നപ്പോഴെല്ലാം വിഎസ് അവരുടെ ശബ്ദമായി. ജനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ കൊതിച്ചു നീട്ടിയും കുറുക്കിയുമുള്ള ആ സംസാരം. വളരെ ദരിദ്രമായ കുടുംബത്തിൽ ജനിച്ച വി.എസ്സിന് ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടിരുന്നു. സ്വന്തം ജീവിതം കെട്ടിപ്പടുക്കുന്നതിനായി വളരെ ചെറിയ പ്രായത്തിൽ തന്നെ തയ്യൽ കടയിലും കയർ തൊഴിലാളികൾക്കൊപ്പവും അദ്ദേഹം ജോലി ചെയ്തു. ഈ അനുഭവങ്ങളാണ് അദ്ദേഹത്തെ തൊഴിലാളികളുടെ പ്രിയപ്പെട്ട പുത്രനാക്കി മാറ്റിയത്.
പി കൃഷ്‌ണപിള്ളയാണ് കയർ ഫാക്ടറി തൊഴിലാളിയായ വിഎസിലെ നേതാവിനെ കണ്ടെത്തുന്നത്. 1940ൽ പാർട്ടി അംഗമായി. അന്ന് പ്രായം വെറും 17. സിപിഐഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ വിഎസ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ മുന്നിൽനിന്നു നയിച്ചു.
സ്വതന്ത്ര തിരുവിതാംകൂറിനെതിരെ നടന്ന പുന്നപ്ര-വയലാർ പ്രക്ഷോഭത്തിലെ മുന്നണിപ്പോരാളിയായിരുന്നു വിഎസ്. ആ മനുഷ്യനിലെ സമരാഗ്നി കേരളം ആദ്യമായി കണ്ടത് അവിടെയാണ്. അടിസ്ഥാന ജനവിഭാഗങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിലെല്ലാം വിഎസ് മുന്നിലുണ്ടായിരുന്നു. സ്‌ത്രീ സമത്വത്തിനായി എന്നും ശബ്ദമുയർത്തി. ഭരണകൂടത്തിന്റെ മർദ്ദന സംവിധാനങ്ങൾക്കെതിരെയെല്ലാം സന്ധിയില്ലാപോരാട്ടം കാഴ്ചവെച്ചു.
അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കായി പോരാടിയ ഒരു സാധാരണ യുവാവിൽ നിന്നും സംസ്ഥാനത്തിന്റെ ഭരണനേതൃത്വം വരെ എത്തിയ വിഎസിന്റെ ജീവിതയാത്ര, കേരളത്തിലെ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ അതിജീവന ചരിത്രം കൂടിയാണെന്ന് അദ്ദേഹം അനുസ്മരിച്ചു. സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരായ പോരാട്ടങ്ങളിൽ ക്രൂരമായ പോലീസ് മർദ്ദനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ നീണ്ട കാലത്തെ ജയിൽവാസവും ഒളിവുജീവിതവും ആ പോരാളിയിലെ കമ്മ്യൂണിസ്റ്റ് വീര്യത്തെ കൂടുതൽ കരുത്തുറ്റതാക്കുകയാണ് ചെയ്തത്.
ഭാവിയെ മുൻകൂട്ടി കാണാനുള്ള ക്രാന്തദർശിത്വം, അഗാധവും ഗഹനവുമായ വിപ്ലവബോധം തുടങ്ങിയവ വി. എസിന്റെ മുതൽക്കൂട്ടായിരുന്നു. കുട്ടനാട്ടിലെ കാർഷികഭൂമി തിരിച്ചുപിടിക്കാൻ വി.എസിന്റെ നേതൃത്വത്തിൽ നടത്തിയ സമരം സമാനതകളില്ലാത്തതാണ്. ‘വെട്ടിനിരത്തൽ’ എന്നു ചില പത്രങ്ങൾ ആക്ഷേപിച്ച ആ സമരം നടന്നില്ലായിരുന്നെങ്കിൽ കുട്ടനാട്ടിലെ നെൽപ്പാടങ്ങൾ എന്നേ ഇല്ലാതായേനെ എന്ന യാഥാർത്ഥ്യം മറന്നുകൂടാ.
1964-ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയി സിപിഎം രൂപീകരണത്തിന് നേതൃത്വം നൽകിയ 32 നേതാക്കളിൽ ഒരാളായിരുന്നു വിഎസ്. പ്രസ്ഥാനത്തിന്റെ ആശയപരമായ അടിത്തറ കാത്തുസൂക്ഷിക്കുന്നതിൽ പതിറ്റാണ്ടുകളോളം അദ്ദേഹം വലിയ പങ്കുവഹിച്ചു. മതനിരപേക്ഷ കേരളത്തിന്റെ ശക്തനായ വക്താവായിരുന്ന അദ്ദേഹം, വനഭൂമിയും തണ്ണീർത്തടങ്ങളും സംരക്ഷിക്കാൻ നടത്തിയ ഇടപെടലുകൾ വരുംതലമുറയ്ക്കുവേണ്ടിയുള്ളതായിരുന്നു. നാടിന്റെ പൊതുസമ്പത്തും താല്പര്യങ്ങളും സംരക്ഷിക്കുന്നതിൽ അദ്ദേഹം പുലർത്തിയ നിതാന്ത ജാഗ്രത കേരള ചരിത്രത്തിന്റെ ഭാഗമാണ്.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വിഎസ് എന്നത് കേവലം ഒരു വ്യക്തിയുടെ പേരല്ലെന്നും, മറിച്ച് അത് ഒരു കാലഘട്ടത്തിന്റെയാകെ പ്രതിരൂപമാണെന്നുമാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറിച്ചത്. ഭരണഘടനാ പദവികളിൽ ഇരുന്നുകൊണ്ട് വിഎസ് കാഴ്ചവെച്ച പ്രവർത്തനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്നും പിണറായി വിജയൻ പറഞ്ഞു. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ അദ്ദേഹം നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങൾ ഭരണസംവിധാനങ്ങളെപ്പോലും തിരുത്തിക്കാൻ പ്രാപ്തിയുള്ളതായിരുന്നു. അതുപോലെ തന്നെ മുഖ്യമന്ത്രി എന്ന നിലയിൽ, കേരളത്തിന്റെ സമഗ്രമായ വികസനവും ജനക്ഷേമവും ഉറപ്പാക്കിക്കൊണ്ട് നാടിനെ കരുത്തോടെ നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും അദ്ദഹം തന്റെ പോസ്റ്റിൽ ഓർമ്മിപ്പിച്ചു.
പ്രായം മൂലമുള്ള ശാരീരികമായ പരിമിതികളെ സ്വന്തം ഇച്ഛാശക്തി കൊണ്ടും കർമ്മശേഷി കൊണ്ടും മറികടന്ന വിഎസിന്റെ ജീവിതം ആധുനിക കേരളത്തിന്റെ ചരിത്രത്തിലെ ഉജ്ജ്വലമായ അധ്യായം തന്നെയാണ്. വിഎസ് ഉയർത്തിപ്പിടിച്ച വിപ്ലവകരമായ ആശയങ്ങൾക്കും അദ്ദേഹം നയിച്ച പോരാട്ടങ്ങൾക്കും മരണമില്ല. ജനലക്ഷങ്ങളുടെ കണ്ണും കരളുമായി ആ വിപ്ലവസൂര്യൻ ഇവിടെ തുടരും.




