കൊച്ചി: പറവൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. അയ്യമ്പിള്ളി സ്വദേശി ധീരജ് (22) ആണ് മരിച്ചത്. പറവൂരിലെ പ്രഭുസ് തിയറ്ററിന് സമീപമാണ് അപകടമുണ്ടായത്.
പറവൂരിൽ നിന്ന് ചെറായി ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ധീരജിനെ മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കാർ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ ധീരജിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
കൊച്ചിൻ ഷിപ്യാർഡിലെ ജീവനക്കാരനായിരുന്നു ധീരജ്. അയ്യമ്പിള്ളി ആവോട്ടിൽ ശിവന്റെയും പ്രീതിയുടെയും മകനാണ്. സഹോദരൻ: സൂരജ് (ദുബൈ).
സംസ്കാരം ഇന്ന് രാവിലെ 11ന് ചെറായി ശ്മശാനത്തിൽ നടക്കും. അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.




