ന്യൂഡൽഹി: മുൻ ദിവസത്തെ പ്രതിഷേധത്തിനിടെ ഡൽഹി പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചിനിടെ സംഘർഷം. പ്രതിഷേധക്കാരെ തടഞ്ഞ ഡൽഹി പൊലീസ് കേരളത്തിൽ നിന്നുള്ള മന്ത്രിയെയും എംപിമാരെയും ഉൾപ്പെടെ നിരവധി നേതാക്കളെ കസ്റ്റഡിയിലെടുത്തു.
കേരളത്തിൽ നിന്നുള്ള മന്ത്രി പി.സി. വിഷ്ണുനാഥ്, എംപിമാരായ ഡീൻ കുര്യാക്കോസ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ബലംപ്രയോഗിച്ചാണ് നീക്കിയതെന്ന് കോൺഗ്രസ് ആരോപിച്ചു.
പോലീസ് വാഹനത്തിനുള്ളിൽ ഉദ്യോഗസ്ഥർ മർദിച്ചതായി ഡീൻ കുര്യാക്കോസ് ആരോപിച്ചു. തങ്ങളെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് പോലും അറിയിക്കാതെയാണ് പൊലീസ് വാനിൽ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. പത്തോളം എംപിമാരും വനിതാ പ്രതിനിധികളും ഉൾപ്പെടെ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും കോൺഗ്രസ് അറിയിച്ചു.
മന്ത്രി പി.സി. വിഷ്ണുനാഥിനെ ബലംപ്രയോഗിച്ച് പൊലീസ് വാഹനത്തിലേക്ക് കയറ്റിയെന്നും മന്ത്രിയാണെന്ന് അറിയിച്ചിട്ടും പൊലീസ് പരിഗണിച്ചില്ലെന്നും കോൺഗ്രസ് ആരോപിച്ചു.
അതേസമയം, ജന്തർ മന്തറിൽ പൊലീസ് നീക്കിയ സമരപ്പന്തൽ പ്രവർത്തകർ താത്കാലികമായി പുനർനിർമിച്ച് പ്രതിഷേധം വീണ്ടും ആരംഭിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു.




