ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ രാഹുൽ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ അപലപിച്ച് ടിവികെ. രാജ്യതലസ്ഥാനത്ത് ജനാധിപത്യത്തെ അടിച്ചമർത്തുന്ന നടപടികളെ ശക്തമായി അപലപിക്കുന്നതായി പാർട്ടി പ്രസ്താവനയിൽ അറിയിച്ചു.
സമാധാനപരമായി പ്രതിഷേധിച്ച യുവജനങ്ങൾക്ക് പിന്തുണ അറിയിക്കാൻ എത്തിയ രാഹുൽ ഗാന്ധിയെ പൊലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ചത് പൗരാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് ടിവികെ ആരോപിച്ചു. ഇത്തരത്തിലുള്ള നടപടി ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും പാർട്ടി വിമർശിച്ചു.
നീറ്റ് പരീക്ഷയോടുള്ള എതിർപ്പും ടിവികെ ആവർത്തിച്ചു. പരീക്ഷ ആരംഭിച്ച കാലം മുതൽ അതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്നും വിദ്യാർത്ഥികൾ നേരിടുന്ന മാനസിക സമ്മർദം വർധിച്ചുവരികയാണെന്നും പാർട്ടി ചൂണ്ടിക്കാട്ടി. ഇതോടെ നിരവധി വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ പ്രതിസന്ധിയിലാകുകയാണെന്നും നീറ്റ് പരീക്ഷ പൂർണമായും ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ടിവികെ ആവശ്യപ്പെട്ടു.
പ്രതിഷേധ മാർച്ചിനിടെ രാഹുൽ ഗാന്ധിയെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തിരുന്നു. വാഹനത്തിലേക്ക് കയറ്റുന്നതിനിടെ ഉണ്ടായ പിടിവലിക്കിടെ അദ്ദേഹത്തിന്റെ മൂക്കിന് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. രക്തസ്രാവമുണ്ടായ മുഖവുമായി പൊലീസ് വാഹനത്തിലിരുന്ന രാഹുലിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തിനിടെ “ഇതാണ് ഇന്ത്യയിലെ ജനാധിപത്യം” എന്നാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്.
പ്രതിഷേധത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള എംപിമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവും പ്രതിഷേധ സ്ഥലത്തുണ്ടായിരുന്നു. അദ്ദേഹത്തെയും ബലം പ്രയോഗിച്ച് നീക്കാൻ പൊലീസ് ശ്രമിച്ചു. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെയും ബലംപ്രയോഗിച്ച് നീക്കം ചെയ്യാന്‍ ശ്രമം നടത്തിയിരുന്നു.




