ടെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം പതിനൊന്നാം ദിവസവും തുടരുകയാണ്. ഇതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി വീണ്ടും ശക്തമായിരിക്കുകയാണ്. ഇറാനിലെ ഭൂഗർഭ ആണവകേന്ദ്രങ്ങൾ ഉൾപ്പെടെ ആക്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ആക്രമണം കൂടുതൽ ശക്തമായി. ബുഷെഹർ ആണവനിലയത്തിന് സമീപം വരെ ബോംബ് പതിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഇതിന് മറുപടിയായി ജോർദാനിലെ അൽ അസ്റാഖ് വ്യോമത്താവളത്തിലും ബഹ്റൈനിലെ ഷെയ്ഖ് ഇസ വ്യോമത്താവളത്തിലും ആക്രമണം നടത്തിയതായി ഇറാൻ അറിയിച്ചു. ഇതിനിടെ സമാധാന ചർച്ചകൾ മുന്നോട്ട് പോകാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. അമേരിക്ക ചർച്ചയ്ക്ക് തയ്യാറാണെങ്കിലും ഇറാൻ സഹകരിക്കുന്നില്ലെന്നാണ് യു.എസ്. സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോ ആരോപിച്ചത്. അതേസമയം, യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്ക് ഇതുവരെ 3,750 കോടി ഡോളർ ചെലവായതായി യു.എസ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സെനറ്റിനെ അറിയിച്ചു.




