തിരുവനന്തപുരം: സിപിഎമ്മിൽ സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടിയെ പുതുക്കി ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ മേൽത്തട്ട് മുതൽ താഴെത്തട്ട് വരെ അഭിപ്രായങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും ജനങ്ങളുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ നടപടികൾ സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിയ കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം തിരിച്ചടിയായെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. സ്ഥാനാർഥി നിർണയത്തിലും പ്രചാരണ രീതിയിലും വീഴ്ചകൾ ഉണ്ടായെന്നും ഇടത് രാഷ്ട്രീയം വേണ്ടത്ര ചർച്ചയായില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങളിൽ വിശദമായ ചർച്ച വിപുലീകൃത സംസ്ഥാന സമിതിയിൽ നടക്കും. സെപ്റ്റംബർ 13, 14, 15 തീയതികളിൽ കോഴിക്കോട് വെച്ചാണ് സിപിഎം വിപുലീകൃത സംസ്ഥാന സമിതി യോഗം ചേരുന്നത്.




