ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധം ശക്തമാകുന്നു. സമരവുമായി ബന്ധപ്പെട്ട് സിജെപി പ്രതിനിധികളുമായി കേന്ദ്രസർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും. ഉച്ചയ്ക്ക് 3.30-നാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. മന്ത്രിയുടെ രാജിയെന്ന ആവശ്യത്തിൽ സിജെപി ഉറച്ചുനിൽക്കുന്നതിനാൽ ധാരണയായില്ലെങ്കിൽ രാജ്യവ്യാപക സമരത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ജെ.പി. നദ്ദയുമായി നടന്ന ചർച്ചയിൽ, ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുക, സമരത്തിൽ പങ്കെടുത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാതിരിക്കുക എന്നീ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സർക്കാർ അറിയിച്ചിരുന്നു.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ തുടരുകയാണ്. ഇന്ന് രാവിലെ 7.30 മുതൽ 18 മെട്രോ സ്റ്റേഷനുകൾ അടച്ചിടും. ജന്തർ മന്തർ പരിസരത്ത് ഇന്റർനെറ്റ് സേവനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഫുഡ് ഡെലിവറി സേവനങ്ങൾക്ക് നിയന്ത്രണമില്ലെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി.
ഇതിനിടെ, കേന്ദ്രസർക്കാരുമായി ധാരണയിലെത്തിയെന്ന ആരോപണങ്ങൾ തള്ളി സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് രംഗത്തെത്തി. എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെ, 26 ദിവസത്തെ നിരാഹാര സമരത്തിന് ശേഷവും തന്റെ ആത്മാർഥത ചോദ്യം ചെയ്യപ്പെടുന്നത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. സമരം അവസാനിപ്പിച്ച തീരുമാനം രാഷ്ട്രീയ അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.
അതേസമയം, പരീക്ഷാ ക്രമക്കേടും പൊലീസ് അതിക്രമവും ചൂണ്ടിക്കാട്ടി കോൺഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ജില്ലാതലങ്ങളിൽ മെഴുകുതിരി ജാഥ, സത്യാഗ്രഹം എന്നിവ നടക്കും. കൂടാതെ, ലോക്ഭവനിലേക്ക് മഹിളാ കോൺഗ്രസ് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.




