മലപ്പുറം: ബാങ്കിംഗ് നെറ്റ്വർക്കിൽ നിന്ന് ലഭിച്ച അടിയന്തര രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം സൈബർ ക്രൈം പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ സാമ്പത്തിക തട്ടിപ്പ് ശ്രമം തടഞ്ഞു. മലപ്പുറത്തെ ഒരു പ്രമുഖ സ്വകാര്യ ബാങ്ക് ശാഖയിൽ നിന്ന് ഒരേ ദിവസം രണ്ടുതവണയായി വൻതുക പിൻവലിക്കാൻ ഒരാൾ ശ്രമിച്ചതാണ് സംശയത്തിന് ഇടയാക്കിയത്.
രഹസ്യസൂചന ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം ബാങ്കിലെത്തി പണം പിൻവലിക്കുന്നത് തടഞ്ഞു. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ വ്യക്തമായ വിശദീകരണം നൽകാൻ ഇയാൾക്ക് കഴിഞ്ഞില്ല. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ കമ്മീഷൻ വാങ്ങുന്നതിനായി തട്ടിപ്പുസംഘത്തിന് സ്വന്തം ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാൻ വിട്ടുനൽകിയിരുന്ന ‘മണി മ്യൂൾ’ ആണെന്ന് ഇയാൾ സമ്മതിച്ചു.
തട്ടിപ്പുകാർ വിവിധ തട്ടിപ്പുകളിലൂടെ സമാഹരിക്കുന്ന പണം ഇത്തരം വാടക അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയും പിന്നീട് അക്കൗണ്ട് ഉടമകൾ അത് പിൻവലിച്ച് കൈമാറുകയും ചെയ്യുന്ന രീതിയിലാണ് തട്ടിപ്പ് നടത്തുന്നത്. എന്നാൽ പണം നേരിട്ട് ഏറ്റുവാങ്ങാൻ ബാങ്കിന് പുറത്തു കാത്തുനിന്നിരുന്ന പ്രധാന പ്രതി പൊലീസിന്റെ സാന്നിധ്യം മനസ്സിലാക്കി രക്ഷപ്പെടുകയായിരുന്നു.
ഒളിവിലുള്ള പ്രതിയെ കണ്ടെത്താനും പണത്തിന്റെ യഥാർഥ ഉറവിടം കണ്ടെത്താനുമായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. സ്വന്തം ബാങ്ക് അക്കൗണ്ട് അപരിചിതർക്കോ അനധികൃത ആവശ്യങ്ങൾക്കോ ഉപയോഗിക്കാൻ അനുവദിക്കുന്നതും പണം പിൻവലിച്ച് കൈമാറുന്നതും ഗുരുതരമായ കുറ്റകൃത്യമാണെന്നും ഇത്തരത്തിലുള്ള ‘മണി മ്യൂൾ’ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മലപ്പുറം സൈബർ ക്രൈം പൊലീസ് മുന്നറിയിപ്പ് നൽകി.











