ന്യൂഡൽഹി: ജന്തർ മന്തറിൽ കഴിഞ്ഞ 50 ദിവസമായി നടന്നുവന്ന വിദ്യാർത്ഥി സമരം അവസാനിപ്പിക്കാൻ തീരുമാനം. സിജെപി നേതാക്കളും കേന്ദ്ര സർക്കാർ പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്.
സമരക്കാർ മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിക്കുന്നത്. ആവശ്യങ്ങൾ സംബന്ധിച്ച ഉറപ്പുകൾ ചൊവ്വാഴ്ചയ്ക്കകം എഴുതി നൽകുമെന്ന് സർക്കാർ പ്രതിനിധികൾ അറിയിച്ചു.
ചർച്ചയ്ക്ക് മുന്നോടിയായി തന്നെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചിരുന്നു. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന ആവശ്യത്തിൽ പ്രധാനമന്ത്രിയുമായി ആലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം.
അതേസമയം, സമരവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്നും കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.


