തിരുവനന്തപുരം: വാഹനാപകടത്തിൽ മാധ്യമപ്രവർത്തകൻ മരിച്ചു. ജനം ടി.വിയുടെ തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാനായ അഭിജിത്ത് ശ്രീകുമാർ (24) ആണ് മരിച്ചത്. പാറശ്ശാല അയിര സ്വദേശിയാണ്.
കാരോട്–കളിയിക്കാവിള ബൈപ്പാസിൽ വിഴിഞ്ഞത്തിനടുത്താണ് അപകടമുണ്ടായത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അഭിജിത്ത് സഞ്ചരിച്ചിരുന്ന ബൈക്ക് ടോറസ് ലോറിയിൽ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് മാസം മുമ്പാണ് അഭിജിത്ത് വിവാഹിതനായത്.
മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.




