ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിൽ 90 റൺസിന്റെ തോൽവി വഴങ്ങിയതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തി പാകിസ്ഥാൻ. ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി കളിച്ച അഞ്ച് മത്സരങ്ങളിൽ നാല് തോൽവിയും ഒരു ജയവും മാത്രമുള്ള പാകിസ്ഥാന് നിലവിൽ നാല് പോയിന്റും 6.67 ശതമാനം പോയിന്റ് ശതമാനവുമാണുള്ളത്.
പാകിസ്ഥാനെതിരായ ജയത്തോടെ വെസ്റ്റ് ഇൻഡീസിന് 12 പോയിന്റ് കൂടി. ഇതോടെ 30 പോയിന്റും 22.73 ശതമാനം പോയിന്റ് ശതമാനവുമായി വെസ്റ്റ് ഇൻഡീസ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. എട്ട് മത്സരങ്ങളിൽ ഏഴ് ജയവും ഒരു തോൽവിയുമായി 84 പോയിന്റും 87.50 ശതമാനം പോയിന്റ് ശതമാനവുമാണ് ഓസ്ട്രേലിയക്കുള്ളത്.
നിലവിലെ ചാമ്പ്യൻമാരായ ദക്ഷിണാഫ്രിക്ക 46 പോയിന്റും 75 ശതമാനം പോയിന്റ് ശതമാനവുമായി രണ്ടാം സ്ഥാനത്താണ്. ആറ് മത്സരങ്ങളിൽ നാല് ജയവും ഒരു തോൽവിയും ഒരു സമനിലയുമായി ന്യൂസിലൻഡ് 72.22 ശതമാനം പോയിന്റ് ശതമാനവും 52 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്.
പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ബംഗ്ലാദേശ് 28 പോയിന്റും 58.33 ശതമാനം പോയിന്റ് ശതമാനവുമായി നാലാം സ്ഥാനത്തേക്ക് ഉയർന്നു. ഒൻപത് മത്സരങ്ങളിൽ നാല് ജയവും നാല് തോൽവിയും ഒരു സമനിലയുമായി ഇന്ത്യ 52 പോയിന്റും 48.15 ശതമാനം പോയിന്റ് ശതമാനവുമായി അഞ്ചാം സ്ഥാനത്താണ്.
ശ്രീലങ്കയാണ് ആറാം സ്ഥാനത്ത്. നാല് മത്സരങ്ങളിൽ ഒരു ജയവും രണ്ട് തോൽവിയും ഒരു സമനിലയുമാണ് ശ്രീലങ്കയുടെ നേട്ടം. ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര ശ്രീലങ്കയ്ക്കെതിരെയാണ്.
13 മത്സരങ്ങളിൽ നാല് ജയവും എട്ട് തോൽവിയും ഒരു സമനിലയുമായി ഇംഗ്ലണ്ട് 38 പോയിന്റും 24.36 ശതമാനം പോയിന്റ് ശതമാനവുമായി ഏഴാം സ്ഥാനത്താണ്.




