കൊല്ലം: കാട്ടുപോത്തിന്റെ ആക്രമണത്തിൽ കുളത്തൂപ്പുഴ സ്വദേശിയായ വയോധികൻ മരിച്ചു. കുളത്തൂപ്പുഴ സ്വദേശി ബഷീർ (68) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 5.30ഓടെയായിരുന്നു സംഭവം.
ചുമട്ടുതൊഴിലാളിയായ ബഷീർ ജോലിക്കായി പുലർച്ചെ വീട്ടിൽ നിന്ന് കുളത്തൂപ്പുഴ ജങ്ഷനിലേക്ക് നടന്നുപോകുന്നതിനിടെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. ആക്രമണത്തിൽ കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ബഷീർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് പ്രാഥമിക വിവരം. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.
ജനവാസമേഖലയിലേക്ക് കാട്ടുപോത്ത് ഇറങ്ങിയതോടെ പ്രദേശത്ത് ഭീതി പരന്നിരിക്കുകയാണ്. സംഭവത്തെ തുടർന്ന് വന്യജീവി ആക്രമണം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം പ്രദേശവാസികൾ ഉയർത്തുന്നുണ്ട്.




