ന്യൂഡൽഹി: പാർലമെന്റ് മന്ദിരത്തിനുള്ളിൽ റീൽ ചിത്രീകരിച്ചെന്ന ആരോപണത്തെ തുടർന്ന് തൃണമൂൽ കോൺഗ്രസ് എംപി സയനി ഘോഷിനെതിരെ വിമർശനം. പാർലമെന്റിൽ നിന്നുള്ള മഴയുടെ ദൃശ്യങ്ങൾ സയനി ഘോഷ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചതാണ് വിവാദമായത്. സയനി ഘോഷിന്റെ നടപടിയെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയും രംഗത്തെത്തി. പാർലമെന്റിൽ റീൽ ചിത്രീകരിച്ചത് നാണക്കേടാണെന്ന് മഹുവ വിമർശിച്ചു.
പാർലമെന്റ് പോലെയുള്ള പ്രധാനപ്പെട്ട സ്ഥാപനത്തിൽ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. കോടികൾ ചെലവഴിച്ച് നിർമിച്ച പാർലമെന്റ് ഇതിന് വേണ്ടിയാണോ എന്ന വിമർശനവും ഉയർന്നു. എൻഡിഎയുടെ ഭാഗമായതിന് ശേഷം സയനി ഘോഷിന് പാർലമെന്റിൽ സംസാരിക്കാൻ അവസരം ലഭിക്കില്ലെന്ന തരത്തിലുള്ള വിമർശനങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.




