ഗുവഹാത്തി: അസമിൽ തുടരുന്ന വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി. ശിവസാഗർ, ഗോലാഘട്ട് ജില്ലകളിലായി മൂന്ന് പേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. ഇതോടെ ഈ വർഷത്തെ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 78 ആയതായി അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എ.എസ്.ഡി.എം.എ.) അറിയിച്ചു.
സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി ഏകദേശം മൂന്ന് ലക്ഷം പേർ ഇപ്പോഴും പ്രളയബാധിതരായി തുടരുകയാണ്. 21 റവന്യൂ സർക്കിളുകളിലെയും 551 ഗ്രാമങ്ങളിലെയും ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് സാരമായി ബാധിച്ചിരിക്കുകയാണ്. 21,523.08 ഹെക്ടർ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായതായും അധികൃതർ അറിയിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളിലായി 16,500-ലധികം പേരെ പാർപ്പിച്ചിരിക്കുകയാണ്. കൂടാതെ, 30 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളിലൂടെ 72,000-ത്തിലധികം പേർക്ക് സഹായം എത്തിക്കുന്നുണ്ട്. വിവിധ രക്ഷാപ്രവർത്തന ഏജൻസികൾക്കൊപ്പം മെഡിക്കൽ, വെറ്ററിനറി സംഘങ്ങളും പ്രളയബാധിത മേഖലകളിൽ സേവനം തുടരുകയാണ്.
വെള്ളപ്പൊക്കത്തിൽ റോഡുകൾ, വീടുകൾ, സ്കൂളുകൾ, മറ്റ് പൊതുസൗകര്യങ്ങൾ, നദികളിലെ തടയണകൾ എന്നിവയ്ക്ക് വ്യാപകമായ നാശനഷ്ടമുണ്ടായതായി എ.എസ്.ഡി.എം.എ. അറിയിച്ചു. പ്രളയത്തിൽ 11,000-ത്തിലധികം മൃഗങ്ങൾ ഒഴുക്കിൽപ്പെട്ടതായും 17,000 കന്നുകാലികളെ ദുരന്തം ബാധിച്ചതായും അതോറിറ്റി വ്യക്തമാക്കി.




