മലപ്പുറം: പി.എം. ശ്രീ പദ്ധതിയെച്ചൊല്ലി യു.ഡി.എഫിനുള്ളിൽ വ്യത്യസ്ത നിലപാടുകൾ. പദ്ധതിയെക്കുറിച്ച് യു.ഡി.എഫ് യോഗത്തിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകിയതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പി.എം. ശ്രീ പദ്ധതിയിൽ യു.ഡി.എഫിനും മുസ്ലിം ലീഗിനും ഒരേ നിലപാടാണുള്ളതെന്നും വിഷയത്തിൽ മന്ത്രിസഭാ ഉപസമിതി പഠനം നടത്തിയതിന് ശേഷമേ അന്തിമ നിലപാട് വ്യക്തമാക്കുകയുള്ളുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
“പി.എം. ശ്രീ പദ്ധതിയെക്കുറിച്ച് യു.ഡി.എഫ് യോഗത്തിൽ ചർച്ച നടന്നിട്ടില്ല. ഇതുസംബന്ധിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രചരിക്കുന്നത്. മന്ത്രിസഭാ ഉപസമിതി വിഷയം പരിശോധിക്കും. അതിന് ശേഷം മുഖ്യമന്ത്രിയും യു.ഡി.എഫും നിലപാട് വ്യക്തമാക്കും. ഫണ്ട് നഷ്ടമാകുമെന്ന ആശങ്ക കൊണ്ടാണ് പദ്ധതി ഒപ്പുവെച്ചതെന്ന് എൽ.ഡി.എഫ് തന്നെ നിയമസഭയിൽ സമ്മതിച്ചിട്ടുണ്ട്. ഇനി പദ്ധതിയിൽ നിന്ന് പിന്മാറാനാകുമോ എന്നത് ഉപസമിതി പരിശോധിക്കും,” എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം യു.ഡി.എഫ് യോഗത്തിന് ശേഷം പ്രതികരിച്ച കൺവീനർ അടൂർ പ്രകാശ്, പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഏത് സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കേണ്ടതെന്ന് യു.ഡി.എഫ് തീരുമാനിക്കുമെന്നുമായിരുന്നു പറഞ്ഞത്. ഇക്കാര്യം യു.ഡി.എഫ് യോഗത്തിൽ ധാരണയായതായും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കേണ്ട അർഹതപ്പെട്ട ഫണ്ടാണ് പി.എം. ശ്രീ പദ്ധതിയിലേതെന്നും അത് ആരുടെയും ഔദാര്യമല്ലെന്നും അടൂർ പ്രകാശ് പറഞ്ഞിരുന്നു. ഫണ്ട് തടഞ്ഞുവെച്ചുവെന്ന പ്രചാരണം തെറ്റിദ്ധാരണയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.



