ഡൽഹി ജന്തർ മന്തറിൽ നീറ്റ് പ്രവേശനപരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് രാജ്യത്തെ കുലുക്കിയ പ്രക്ഷോഭം അവസാനിച്ചിട്ട് ദിവസങ്ങളായെങ്കിലും അതിന്റെ അലയൊലികൾ ഇപ്പോഴും അലയടിക്കുകയാണ് രാജ്യമെങ്ങും. ഭരണപക്ഷ-പ്രതിപക്ഷ വാക്പോരുകൾക്കാണ് ഇപ്പോൾ രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും സിപിഎമ്മിന്റെ രാജ്യസഭാ എംപി ജോൺ ബ്രിട്ടാസും അടക്കമുള്ളവർ കേന്ദ്രത്തെ വിടാതെ തന്നെ പിന്തുടരുകയാണ് ഈ ദിവസങ്ങളിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് പ്രധാന ലക്ഷ്യം. കുട്ടികളെ വെടിവെയ്ക്കാൻ അമിത് ഷായാണ് പൊലീസിന് നിർദേശം നൽകിയതെന്നാണ് പ്രതിപക്ഷ ആരോപണം.
പൊലീസ് അതിക്രമത്തിന് ഉത്തരവാദിയായ അമിത് ഷാ രാജി വയ്ക്കണമെന്നാണ് ഇപ്പോഴത്തെ പ്രധാന ആവശ്യം. വിദ്യാർഥികൾക്ക് നേരെ പെല്ലറ്റും, കണ്ണീർ വാതകവും പ്രയോഗിച്ചതും, ലാത്തി ചാർജ് നടത്താൻ നിർദ്ദേശിച്ചതും അമിത്ഷായാണെന്ന് ഖർഗെയും രാഹുലും ആവർത്തിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ വീഡിയോകളാണ് അടുത്ത പ്രശ്നം. ഇതിനെ പരിഹസിച്ച എല്ലാവർക്കും പണികൊടുക്കാൻ കേന്ദ്രം ഇറങ്ങിയതോടെ കാര്യങ്ങൾ മറ്റൊരു തലത്തിലെത്തി. പിന്നാലെ മാപ്പ് അപേക്ഷിച്ച് ഒരു കുട്ടി രംഗത്ത് വന്നത് രാജ്യത്ത് വലിയ ചർച്ചയായിരിക്കുകയാണ്. നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും മോശം പരാമർശങ്ങൾ നടത്തുകയും ചെയ്ത കേസിൽ പോലീസ് കേസെടുത്ത പെൺകുട്ടിയാണ് പരസ്യമായി മാപ്പപേക്ഷിച്ച് രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് പെൺകുട്ടി കൈകൂപ്പി രാജ്യത്തോട് പൊറുക്കണമെന്ന് അപേക്ഷിക്കുന്നത്.
പ്രതിഷേധത്തിനിടെ ചിലരുടെ തെറ്റായ സ്വാധീനത്തിൽപ്പെട്ടാണ് താൻ പ്രധാനമന്ത്രിക്കെതിരെ മോശം വാക്കുകൾ ഉപയോഗിച്ചതെന്ന് പെൺകുട്ടി വീഡിയോയിൽ പറയുന്നുണ്ട്. കൂടാതെ, തനിക്ക് കേവലം 15 വയസ്സ് മാത്രമാണ് പ്രായമെന്നും പെൺകുട്ടി അവകാശപ്പെടുന്നുണ്ട്. എന്നാൽ പോലീസിന്റെ പ്രാഥമിക എഫ്.ഐ.ആറിൽ പെൺകുട്ടിക്ക് 25 വയസ്സുണ്ടെന്നാണ് രേഖപ്പെടുത്തിയിരുന്നത്. താൻ ചെയ്തത് മാപ്പർഹിക്കാത്ത വലിയ തെറ്റാണെന്ന് പൂർണ്ണ ബോധ്യമുണ്ടെന്ന് പറയുന്ന കുട്ടി, ഇതെന്റെ ആദ്യത്തെയും അവസാനത്തെയും തെറ്റായി കണ്ട് എന്നോട് ക്ഷമിക്കണമെന്നും സ്വന്തം മുഖത്തേക്ക് നോക്കാൻ പോലും എനിക്ക് നാണം തോന്നുന്നുവെന്നും വിതുമ്പിക്കൊണ്ട് പറയുന്ന വീഡിയോ വൈറലായതോടെ ആരുടെ ഭാഗത്താണ് ശരിയെന്ന തരത്തിലും ചർച്ചകൾ തുടങ്ങി.
വിഷയത്തിൽ കഴിഞ്ഞ ബുധനാഴ്ചയാണ് നോയിഡ പോലീസ് പെൺകുട്ടിക്കെതിരെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക പദവിയെ അപമാനിച്ചെന്നും സമൂഹത്തിൽ വിദ്വേഷവും കലാപാന്തരീക്ഷവും പടർത്താൻ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. നോയിഡ പോലീസ് ആദ്യം രജിസ്റ്റർ ചെയ്ത ‘സീറോ എഫ്.ഐ.ആർ’ പിന്നീട് സംഭവം നടന്ന പരിധിയായ ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് തുടർനടപടികൾക്കായി കൈമാറുകയായിരുന്നു. ഇതിനുപിന്നാലെയാണ് സംഭവം വലിയ വാർത്താ പ്രാധാന്യം നേടിയത്. അധിക്ഷേപ സംഭവങ്ങളിൽ വഴിതെറ്റിപ്പോയ യുവാക്കളെയും പെൺകുട്ടികളെയും മാപ്പൊടുത്ത് ചേർത്തുപിടിക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഈ സന്ദേശം പുറത്തുവന്ന് മണിക്കൂറുകൾക്കകമാണ് പെൺകുട്ടിയുടെ ക്ഷമാപണ വീഡിയോയും പുറത്തുവന്നത്.
വെള്ളിയാഴ്ച രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകാരികമായ സന്ദേശമടങ്ങിയ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ജന്തർമന്തറിലെ പ്രതിഷേധത്തിനിടെ തനിക്കെതിരെയും അന്തരിച്ച തന്റെ മാതാവിനെതിരെയും ഉയർന്ന അധിക്ഷേപങ്ങളിൽ അങ്ങേയറ്റം സഹിഷ്ണുതയോടെയുള്ള നിലപാടാണ് അദ്ദേഹം വ്യക്തമാക്കിയത്. നാഗരികവും സംസ്‌കാരസമ്പന്നവുമായ ഒരു സമൂഹത്തിനും ചേരാത്തവിധം അങ്ങേയറ്റം മോശവുമായ പദപ്രയോഗങ്ങളാണ് പ്രതിഷേധത്തിനിടെ യുവാക്കൾ ഉപയോഗിച്ചതെന്നും അത് രാജ്യവും ലോകവും മുഴുവൻ നേരിട്ട് കണ്ടതാണെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. എന്നാൽ, ഈ ചെറുപ്പക്കാരോട് ക്ഷമിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വഴിതെറ്റിപ്പോയ ‘വികൃതി കുട്ടികളാണ്’ ഇവരെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇത്തരക്കാരെ കോടതി കയറ്റുന്നതോ സമൂഹത്തിൽ അപമാനിക്കുന്നതോ പീഡിപ്പിക്കുന്നതോ അവരുടെ മനോഭാവത്തിൽ യാതൊരു മാറ്റവും ഉണ്ടാക്കില്ലെന്നും യുവാക്കളെ ശിക്ഷിക്കുന്നതിലല്ല, അവരെ നേർവഴിക്ക് നയിക്കുന്നതിലാണ് കാര്യമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തെറ്റുകൾ തിരുത്താൻ അവസരം നൽകേണ്ട പ്രായമാണ് കുട്ടിക്കാലമെന്നും സമൂഹത്തിന്റെ ആകെ രോഷം ഇവർക്കെതിരെയുള്ള കഠിനമായ ശിക്ഷാ നടപടികളായി മാറരുതെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. വഴിതെറ്റിയവരെ സ്‌നേഹത്തോടെ നേർവഴിക്ക് കൊണ്ടുവരുന്നത് പ്രയാസകരമായ ജോലിയാണെങ്കിലും രാജ്യം ഒന്നടങ്കം അത് ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസങ്ങളിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത കുട്ടികൾ ഇത്തരത്തിലുള്ള മോശം ഭാഷ ഉപയോഗിച്ചത് സമൂഹത്തിന് വലിയൊരു സാംസ്‌കാരിക ആഘാതമാണ് നൽകിയിരിക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
എന്നാൽ, പ്രധാനമന്ത്രിയുടെ ഈ നീക്കത്തെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷം നേരിട്ടത്. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാനും പാപഭാരം കഴുകിക്കളയാനുമുള്ള പ്രധാനമന്ത്രിയുടെ നാടകമാണിതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. രാപകലോളം വിഷയത്തിൽ മൗനം പാലിച്ച ശേഷം അർദ്ധരാത്രിയിൽ ഇൻസ്റ്റഗ്രാമിൽ വീഡിയോയുമായി വരുന്നത് പരിഹാസ്യമാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ആർഎസ്എസ് അജണ്ടയുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പാഠ്യപദ്ധതിയെയും കവർന്നെടുക്കുകയാണെന്നും, ദളിത് വിരുദ്ധതയും മനുസ്മൃതിയും സിലബസിന്റെ ഭാഗമാക്കാൻ ശ്രമിക്കുന്നുവെന്നും ഉള്ള ആരോപണങ്ങളും സഭയിൽ ഉയർന്നു.
സഭയ്ക്കുള്ളിലും രാഹുൽ ഗാന്ധി സർക്കാരിനെതിരെ ആഞ്ഞടിച്ചു. രാഹുൽ ഗാന്ധിയുടെ വിഡ്ഢി പരാമർശത്തിൽ ലോക്സഭയിൽ ബഹളം സൃഷ്ടിച്ച സംഭവം വലിയ വാർത്താ പ്രാധാന്യം നേടി. ചിലർ വിചാരിക്കുന്നത് താൻ ദൈവം ആണ് എന്നാണെന്ന് മോദിയുടെ പേരെടുത്ത് പറയാതെ രാഹുൽ പറഞ്ഞു. എല്ലാം അറിയാമെന്ന് ഭവിക്കുന്ന ചില ആളുകളുമുണ്ട്. അവർ സ്വയം ദൈവം ആണെന്ന് കരുതുന്നു. ആരുടെയും വാക്ക് കേൾക്കില്ല, ആരെയും ബഹുമാനിക്കില്ല. അവരെ വിഡ്ഢികൾ എന്ന് വിളിക്കാം എന്നാണ് രാഹുൽ തുറന്നടിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പാർലമെന്റ് ജന്തർ മന്തറിനോളം തന്നെ പ്രക്ഷുഭ്ദമാണ്.
ചുരുക്കത്തിൽ, ജന്തർ മന്തറിൽ കത്തിയമർന്ന പ്രതിഷേധാഗ്നി അവസാനിച്ചുവെങ്കിലും അത് അവശേഷിപ്പിച്ചു പോയ രാഷ്ട്രീയ ചോദ്യങ്ങൾ കൂടുതൽ കനക്കുകയാണ്. സിജെപി കൊളുത്തിയിട്ട ആ തീപ്പൊരി ഇനി കുറച്ചധികം കാലം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇങ്ങനെ പുകഞ്ഞു കൊണ്ടിരിക്കും എന്ന വ്യക്തമായ സൂചന തന്നെയാണ് ഈ ദിവസങ്ങളിലെ സംഭവവികാസങ്ങൾ തുറന്നുകാണിക്കുന്നത്. നീറ്റ് ചോർച്ച എന്നത് ഒരു നിമിത്തം ആയി മാറുകയായിരുന്നു എന്നതാണ് യാഥാർത്ഥ്യം. എന്ത് ചെയ്യണം എന്നറിയാതെ വിഷമിച്ച് നിന്നിരുന്ന പ്രതിപക്ഷത്തിന് മുന്നിലേക്ക് ഇട്ടുകിട്ടിയ ഒരു കനൽത്തരിയായിരുന്നു അത്. എന്ത് സംഭവിച്ചാലും തങ്ങൾ സുരക്ഷിതരാണെന്ന ആത്മവിശ്വാസത്തിൽ നിന്ന് കേന്ദ്ര സർക്കാരിനെ താഴെയിറക്കാൻ ഇങ്ങനെയൊരു ബോംബ് ആവശ്യവുമായിരുന്നു.



