ഇടുക്കി: ഇടുക്കിയിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജാഗ്രത തുടരുന്നു. ഇടവിട്ട് മാത്രമാണ് ഇപ്പോൾ മഴ ലഭിക്കുന്നത്. ശക്തമായ നീരൊഴുക്ക് തുടരുന്നതിനാൽ കല്ലാർകുട്ടി, കല്ലാർ, പാംബ്ല, മലങ്കര എന്നീ നാല് അണക്കെട്ടുകൾ തുറന്ന് വെള്ളം ഒഴുക്കുന്നുണ്ട്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. ഇന്നലെ മാത്രം 9 അടി വെള്ളമാണ് കൂടിയത്. നിലവിൽ ജലനിരപ്പ് 2339.62 അടിക്ക് മുകളിലാണ്. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 116.7 അടിയാണ്. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ ജാഗ്രതാ നിർദേശം തുടരുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന വിലക്കും രാത്രി യാത്രാ നിരോധനവും തുടരുകയാണ്.
കുമളി–പൂപ്പാറ സംസ്ഥാന പാതയിൽ പുളിയന്മലക്ക് സമീപം വീണ മരം നീക്കം ചെയ്യുന്ന ജോലികൾ അവസാന ഘട്ടത്തിലാണ്. വിവിധ പ്രദേശങ്ങളിൽ ശക്തമായ കാറ്റും അനുഭവപ്പെട്ടു. മഴക്കെടുതിയിൽ ഇടുക്കിയിൽ ഇന്നലെ മാത്രം 14 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. നിലവിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 101 പേരാണ് കഴിയുന്നത്.




