കൊല്ലം: കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ച സംഭവത്തിൽ ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കളംകുന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.ആർ. ഷിബുവിനെയാണ് സസ്പെൻ്റ് ചെയ്തത്.
ആക്രമണം നടന്ന സ്ഥലത്ത് സമയബന്ധിതമായി എത്തുന്നതിൽ ഉദ്യോഗസ്ഥൻ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. സംഭവസമയത്ത് നാട്ടുകാരും സഹപ്രവർത്തകരും പലതവണ ബന്ധപ്പെട്ടിട്ടും ഫോൺ എടുത്തില്ല, മേലധികാരികളെ വിവരം അറിയിച്ചില്ല തുടങ്ങിയ വീഴ്ചകളാണ് സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കുളത്തൂപ്പുഴ ജംഗ്ഷനിലേക്ക് നടന്ന് പോകുകയായിരുന്ന വയോധികനായ ബഷീർ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബഷീർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ആക്രി ശേഖരിച്ച് വിറ്റ് ഉപജീവനം നടത്തിയിരുന്നയാളാണ് ബഷീർ.
സംഭവത്തെ തുടർന്ന് വനംവകുപ്പിന്റെ നടപടികളിലും പ്രതികരണത്തിലും വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ വകുപ്പ് നടപടി സ്വീകരിച്ചത്.




