ന്യൂഡൽഹി: പ്രളയവും മണ്ണിടിച്ചിലും ബാധിച്ച സംസ്ഥാനങ്ങൾക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (എസ്.ഡി.ആർ.എഫ്.) നിന്ന് 2,117.85 കോടി രൂപ മുൻകൂർ അനുവദിച്ച് കേന്ദ്ര സർക്കാർ. അരുണാചൽ പ്രദേശിലെയും അസമിലെയും സ്ഥിതി വിലയിരുത്താൻ മന്ത്രിതല സമിതിയെയും നിയോഗിച്ചു. എന്നാൽ, പ്രളയക്കെടുതി രൂക്ഷമായ കേരളത്തിന് സഹായം അനുവദിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇടം ലഭിച്ചിട്ടില്ല.
ഇതിനിടെ, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയും മിന്നൽപ്രളയവും സംസ്ഥാനത്തെ ഗുരുതര പ്രതിസന്ധിയിലാഴ്ത്തി. മഴക്കെടുതിയിൽ എട്ട് പേർ മരിച്ചു. എട്ട് പേരെ കാണാതായിട്ടുണ്ട്. 13 പേർക്ക് പരിക്കേറ്റു ചികിത്സയിലാണ്. ശക്തമായ മഴയിലും കാറ്റിലും 27 വീടുകൾ പൂർണമായും 196 വീടുകൾ ഭാഗികമായും തകർന്നു.
സംസ്ഥാനത്താകെ 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,792 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പത്തനംതിട്ട ജില്ലയിൽ മാത്രം 1,600-ലധികം പേർ ക്യാമ്പുകളിലാണ് കഴിയുന്നത്. റാന്നി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളം പതിയെ ഇറങ്ങിത്തുടങ്ങിയെങ്കിലും ചെളി നീക്കം ചെയ്യുന്നതിനും നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനുമുള്ള നടപടികൾ മന്ദഗതിയിലാണെന്ന വിമർശനം ശക്തമാണ്.




