മലപ്പുറം: പരപ്പനങ്ങാടി– നാടുകാണി സംസ്ഥാനപാതയിൽ വൻ മണ്ണിടിച്ചിൽ. റോഡിലേക്ക് വലിയ തോതിൽ മണ്ണ് ഇടിഞ്ഞുവീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വീടിന് സമീപത്താണ് സംഭവം. ഇന്നലെ രാത്രി മുതൽ പ്രദേശത്ത് മണ്ണിടിച്ചിൽ ആരംഭിച്ചിരുന്നു. ജനവാസ മേഖലയിൽ സ്ഥിതി ഗുരുതരമായതോടെ നാട്ടുകാർ ആശങ്കയിലാണ്. ഒരു തെങ്ങ് കടപുഴകി വീഴുകയും ചെയ്തു.
ജെസിബി ഉപയോഗിച്ച് അശാസ്ത്രീയമായി മണ്ണെടുത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഇതുസംബന്ധിച്ച് നേരത്തെ തന്നെ അധികൃതരെ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും അവർ പറഞ്ഞു.
സംഭവത്തെ തുടർന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധികൃതരുമായി സംസാരിച്ചതായി അറിയിച്ചു. അനധികൃതമായ മണ്ണെടുപ്പാണ് നടന്നതെന്നും ജില്ലാ കളക്ടറോടും പൊലീസ് മേധാവിയോടും നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.
അതേസമയം, സ്വകാര്യ ഭൂമിയിലാണ് മണ്ണെടുപ്പ് നടന്നതെന്ന് മലപ്പുറം നഗരസഭ ചെയർപേഴ്‌സൺ റിൻഷ അറിയിച്ചു. നഗരസഭയുടെ അനുമതിയില്ലാതെയാണ് മണ്ണെടുത്തതെന്നും അപേക്ഷ പോലും നൽകിയിരുന്നില്ലെന്നും അവർ പറഞ്ഞു. സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിക്കുമെന്നും റിൻഷ അറിയിച്ചു.
ആശുപത്രി നിർമ്മാണത്തിനായല്ല ഇവിടെ പ്രവർത്തനങ്ങൾ നടന്നതെന്ന് വാർഡ് കൗൺസിലർ കെ.കെ. ഉമ്മറും വ്യക്തമാക്കി. സംഭവത്തെ തുടർന്ന് പ്രദേശത്ത് കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.




