ഏതൻസ്: ഗ്രീസിൽ കാട്ടുതീ അണയ്ക്കാനുള്ള രക്ഷാപ്രവർത്തനത്തിനിടെ രണ്ട് ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർ മരിച്ചു. ഡെൻമാർക്ക് സ്വദേശിയായ പൈലറ്റും ഗ്രീസിലെ അഗ്നിശമന സേനാംഗവുമാണ് മരിച്ചത്. ബ്രിട്ടീഷ് പൈലറ്റിനും ഗ്രീസിലെ മറ്റൊരു അഗ്നിരക്ഷാ സേനാംഗത്തിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്.
ഏതൻസിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ അകലെയുള്ള അട്ടിക്ക–ബോയോട്ടിയ അതിർത്തി പ്രദേശത്താണ് അപകടം നടന്നത്. കാട്ടുതീ അണയ്ക്കുന്നതിനിടെ ഉപയോഗിച്ചിരുന്ന രണ്ട് ബെൽ ഹെലികോപ്ടറുകളുടെ പ്രൊപ്പല്ലറുകൾ തമ്മിൽ കുരുങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. തുടർന്ന് ഹെലികോപ്ടറുകൾക്ക് തീപിടിച്ച് നിലത്തേക്ക് പതിക്കുകയായിരുന്നു.
ഓസ്ട്രേലിയൻ കമ്പനിയായ മക്ഡെർമോട്ട് ഏവിയേഷനിൽ നിന്ന് ലീസിന് എടുത്ത ഹെലികോപ്ടറുകളാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ആഴ്ച മുതൽ ഗ്രീസിൽ കാട്ടുതീ രൂക്ഷമാണ്. നിരവധി പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഈ അപകടത്തെ തുടർന്ന് കാട്ടുതീ നിയന്ത്രണ പ്രവർത്തനത്തിനിടെ മരിച്ചവരുടെ എണ്ണം അഞ്ചായി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഗ്രീക്ക് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ പേരുകൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.




