തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പുതുക്കിയ മുന്നറിയിപ്പ് പ്രകാരം 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലവിലുള്ളത്.
നാളെ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. പത്തനംതിട്ട ജില്ലയിലെ മഴ സാഹചര്യം ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മലയോര മേഖലകളിലും നദീതീര പ്രദേശങ്ങളിലും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.




