തൃശൂർ: ഗുരുവായൂരിൽ ഭക്തർക്കായി വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ദർശനം ആരംഭിച്ചു. ഭക്തർക്ക് കൂടുതൽ സൗകര്യപ്രദവും സമയബന്ധിതവുമായി ദർശനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയത്.
ഗുരുവായൂർ ദേവസ്വം ചെയർമാൻ എ. വി. ഗോപിനാഥിന്റെ നേതൃത്വത്തിലാണ് വെർച്വൽ ക്യൂ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ മണിക്കൂറിൽ 300 ഭക്തർക്കാണ് ഓൺലൈൻ ബുക്കിംഗിലൂടെ ദർശനത്തിന് അവസരം ഒരുക്കിയിരിക്കുന്നത്. നിലവിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്.
പ്രതിദിനം എട്ട് മണിക്കൂർ ദർശന സൗകര്യമുണ്ടാകും. ഇതോടെ ദിവസേന 2,400 ഭക്തർക്കാണ് വെർച്വൽ ക്യൂ വഴി ക്ഷേത്രത്തിൽ പ്രവേശനം ലഭിക്കുക.
ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഭക്തർക്ക് അനുവദിച്ച സമയത്ത് ക്ഷേത്രത്തിലെത്തിയാൽ മതിയെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത. ഇതിലൂടെ മണിക്കൂറുകളോളം ക്യൂവിൽ കാത്തുനിൽക്കേണ്ട സാഹചര്യം ഒഴിവാക്കി ദർശനം കൂടുതൽ സുഗമമാക്കാനാകുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.
പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി വിജയകരമാണെന്ന് വിലയിരുത്തിയാൽ എല്ലാ ദിവസവും വെർച്വൽ ക്യൂ സംവിധാനം വ്യാപിപ്പിക്കാനാണ് ഗുരുവായൂർ ദേവസ്വത്തിന്റെ തീരുമാനം. ഓണം ഉൾപ്പെടെയുള്ള തിരക്കേറിയ ദിവസങ്ങളിൽ ഭക്തർക്കായി ഈ സംവിധാനം ഏറെ പ്രയോജനകരമാകുമെന്നും ദേവസ്വം അധികൃതർ അറിയിച്ചു.




