Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പതിറ്റാണ്ടുകളോളം കേരളത്തേയും പാലക്കാടിനേയും കൊതിപ്പിച്ച സ്വപ്ന പദ്ധതി, കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കുമ്പോൾ ബാക്കിയാകുന്ന വഞ്ചനയുടെ കഥകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ങ്ങനെ കേരളത്തിന്റെ മറ്റൊരു സ്വപ്ന പദ്ധതി കൂടി ഓർമ്മയാകുന്നു. 14 വർഷം മുൻപ് തറക്കല്ലിട്ട്, കേരളത്തിന്റെ വ്യവസായ വികസനത്തിന്‌ മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിച്ച പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചെന്ന് കേന്ദ്രസർക്കാർ ഔദ്യോ​ഗികമായി അറിയിച്ചിരിക്കുകയാണ്. രാജ്യത്ത് പുതിയ കോച്ച് ഫാക്ടറികൾ ആവശ്യമില്ലെന്ന ന്യായീകരണമാണ് പദ്ധതി ഉപേക്ഷിക്കാൻ കാരണമായി കേന്ദ്രം പറയുന്നത്. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവാണ് മറുപടി നൽകിയത്. പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി ഇന്ത്യൻ റെയിൽവെയുടെ ഭാവി വികസനത്തിന് ഉപയോ​ഗിക്കാൻ മാറ്റിവെക്കുമെന്നും റെയിൽവെ മന്ത്രി അറിയിക്കുന്നു. നിലവിലുള്ള കോച്ച് ഫാക്ടറികൾ റെയിൽവെയുടെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണ്. അതിനാൽ പുതിയതിന്റെ ആവശ്യമില്ലെന്ന് കേന്ദ്രം ആവർത്തിച്ച് വ്യക്തമാക്കിയതോടെ അണയുന്നത് പാലക്കാടിന്റെ മാത്രമല്ല, കേരളത്തിന്റെ കൂടി പ്രതീക്ഷകളാണ്.

കേരളത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിയോട് മാറിവന്ന കേന്ദ്ര സർക്കാരുകളുടെ കൊടിയ വഞ്ചനയാണ് കാട്ടിയത്. തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസും ബിജെപിയുമെല്ലാം രാഷ്ട്രീയ മുതലെടുപ്പിനായി പദ്ധതി യാഥാർത്ഥ്യമാക്കുമെന്ന് വാ​ഗ്ദാനം നൽകിയിരുന്നു. കഞ്ചിക്കോടിനൊപ്പം പ്രഖ്യാപിച്ച റായ്‌ബറേലിയിലും പിന്നീട്‌ പ്രഖ്യാപിച്ച ബംഗാളിലെ കാഞ്ചപ്രയിലും ഹരിയാനയിലെ സോനിപത്തിലും കോച്ച്‌ ഫാക്ടറി പ്രവർത്തിക്കുന്നുണ്ട്.

1982-ലാണ് എല്ലാത്തിന്റേയും തുടക്കം. ലോനപ്പൻ നമ്പാടൻ കെ. കരുണാകരൻ മന്ത്രിസഭയിൽ നിന്ന് രാജി വെച്ചതിനെ തുടർന്ന് ഉണ്ടായ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ് ഈ വാഗ്ദാനം വരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലക്കാട് കോട്ടമൈതാനത്തെത്തിയ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി, കേരളത്തിന് ഒരു “നവവത്സര സമ്മാനം” നൽകുന്നുണ്ടെന്ന് പ്രഖ്യാപിച്ചു. അന്നത്തെ കെപിസിസി പ്രസിഡന്റ് പ്രൊഫ. കെഎം ചാണ്ടി പരിഭാഷപ്പെടുത്തിയ ആ പ്രസംഗത്തിന് പിന്നാലെ, കെ. കരുണാകരനാണ് ആ സമ്മാനം “പാലക്കാട് കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി” ആണെന്ന് വെളിപ്പെടുത്തിയത്.

എന്നാൽ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുകയും കേന്ദ്രത്തിലും സംസ്ഥാനത്തും കോൺഗ്രസ് ഭരണം വരികയും ചെയ്തിട്ടും പദ്ധതി നടപ്പിലായില്ല. ഒടുവിൽ പാലക്കാട്ടുകാർക്കായി പ്രഖ്യാപിച്ച ആ കോച്ച് ഫാക്ടറി ആരും ആവശ്യപ്പെടാതെ തന്നെ പഞ്ചാബിലെ കപൂർത്തലയിൽ സ്ഥാപിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. ഇതിനെതിരെ അന്ന് ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവന്നിരുന്നു.

പിന്നീട് വന്ന സർക്കാരുകളെല്ലാം കഞ്ചിക്കോടിനോട് നീതികേട് കാണിച്ചു. അവസാനം 2004-ൽ 61 ഇടത് എംപിമാരുടെ പിന്തുണയോടെ ഒന്നാം യു.പി.എ സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് പദ്ധതിക്ക് വീണ്ടും ജീവൻ വെയ്ക്കുന്നത്. പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള എം.പിമാർ പാർലമെന്റ് സ്തംഭിപ്പിച്ചു. തുടർന്ന് അന്നത്തെ ലോക്സഭാ സ്പീക്കർ സോമനാഥ് ചാറ്റർജി ഇടപെട്ട് റെയിൽവേ മന്ത്രി ലാലു പ്രസാദ് യാദവുമായി ചർച്ച നടത്തി. പാലക്കാട്‌ റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച്‌ സേലം ഡിവിഷൻ രൂപീകരിക്കുന്നതിന്‌ പ്രത്യുപകാരമായി കോച്ച്‌ ഫാക്ടറി തരാമെന്ന്‌ കേന്ദ്രം വാഗ്‌ദാനം നൽകി. 2008ലെ റെയിൽവേ ബജറ്റിൽ പാലക്കാടും റായ്‌ബറേലിയിലും കോച്ച്‌ ഫാക്ടറികൾ പ്രഖ്യാപിച്ചു. സി.പി.ഐ (എം) ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, എൻഎൻ കൃഷ്ണദാസ് എന്നിവർ പങ്കെടുത്ത നിർണ്ണായക ചർച്ചയിൽ, സൗജന്യമായി സ്ഥലം നൽകുകയാണെങ്കിൽ ബജറ്റിൽ പദ്ധതി ഉൾപ്പെടുത്താമെന്ന് ലാലു പ്രസാദ് യാദവ് ഉറപ്പുനൽകി.

വി എസ്‌ അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ 239 ഏക്കർ സ്ഥലം കഞ്ചിക്കോട്‌ ഏറ്റെടുത്തുനൽകി. പിറവം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 2012ൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ഫെബ്രുവരി 21ന് അന്നത്തെ റെയിൽവേ മന്ത്രി ദിനേഷ് ത്രിവേദിയെ കൊണ്ടുവന്ന് പാലക്കാട്‌ കോട്ടമൈതാനത്ത്‌ തറക്കല്ലിട്ടു. ഇന്ന് ആ കല്ല് പോലും അവിടെയില്ല. 2009-ൽ രണ്ടാം യുപി. സർക്കാർ വന്നതോടെ വീണ്ടും അവഗണന ആരംഭിച്ചതായി മുൻ പാലക്കാട് എംപിയും സിപിഎം നേതാവുമായ എൻ എൻ കൃഷ്ണദാസ് ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്നെഴുതിയിരിക്കുകയാണ്. 2012-ലെ പിറവം ഉപതെരഞ്ഞെടുപ്പ് കാലത്ത്, കഞ്ചിക്കോട്ട് സൗജന്യമായി ഏറ്റെടുത്തു നൽകിയ ഏക്കറുകണക്കിന് ഭൂമി നിലനിൽക്കെ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പാലക്കാട് കോട്ടമൈതാനത്ത് വെച്ച് കോച്ച് ഫാക്ടറിക്ക് തറക്കല്ലിട്ടത് ജനങ്ങളെ കബളിപ്പിക്കാനായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട്.

1,215 കോ‍ടി രൂപയിലധികം നിക്ഷേപത്തിലൂടെ വർഷംതോറും 600 കോച്ചുകൾവരെ നിർമിക്കാവുന്ന ഫാക്ടറിയാണ് വിഭാവനംചെയ്തിരുന്നത്. എന്നാൽ, റെയിൽവേ ഫണ്ട് അനുവദിക്കാതെ പിന്നോട്ടുപോയതോടെ പദ്ധതി തടസ്സപ്പെടുകയായിരുന്നു.

പിന്നീട് എം.പിയായി വന്ന എം.ബി രാജേഷ് മുൻകൈ എടുത്ത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെയിലുമായി ചേർന്ന് സംയുക്ത സംരംഭമായി പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചെങ്കിലും ആ ശ്രമവും പരാജയപ്പെടുന്ന കാഴ്ച്ചയായിരുന്നു. കഞ്ചിക്കോട്ടെ പൊതുമേഖലാ സ്ഥാപനമായ ബെമലും റെയിൽവേയും ചേർന്ന് കോച്ച് ഫാക്ടറി ആരംഭിക്കാനുള്ള ചില പദ്ധതികളും വിഭാവനംചെയ്തിരുന്നു. പാലക്കാട്ട്‌ എല്ലാ തിരഞ്ഞെടുപ്പുകളിലും കോച്ച് ഫാക്ടറി പ്രധാന പ്രചാരണായുധവുമായിരുന്നു.

ഇവിടെ തീരുന്നില്ല കേരളത്തിന്റെ നഷ്ടം, മെട്രോമാൻ ഇ. ശ്രീധരൻ നിർദ്ദേശിച്ച അതിവേഗ റെയിൽ പദ്ധതി സംസ്ഥാന സർക്കാർ നിയമിച്ച വിദഗ്ധ സമിതി തള്ളിയാതായും ഇതിനൊപ്പം കേന്ദ്രം പാർ1ലമെന്റിൽ അറിയിച്ചിട്ടുണ്ട്. നിലവിലെ മാതൃകയിൽ മുന്നോട്ട് പോകാനാകില്ലെന്നാണ് സമിതിയുടെ വിലയിരുത്തൽ. ഇതിന് പുറമെ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചുവെന്നും റെയിൽവേ വികസനത്തിനായി മറ്റ് പദ്ധതികൾ ഉണ്ടെന്നും റെയിൽവേ മന്ത്രാലയവും വ്യക്തമാക്കി. അതായത്, കേരളത്തിന് മൊത്തത്തിൽ നഷ്ടം മാത്രം. നിലവിലെ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടും കേന്ദ്ര സർക്കാരിന്റെ അവഗണനയും പൂർണമായും വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങളെന്ന് ജോൺ ബ്രിട്ടാസ് എംപി കുറ്റപ്പെടുത്തുന്നു.

തിരുവനന്തപുരം- കണ്ണൂർ ഹൈസ്പീഡ് പദ്ധതി നിലവിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം നടപ്പാക്കാനാകില്ലെന്നാണ് സംസ്ഥാനം അറിയിച്ചിട്ടുള്ളത്. സിൽവർ ലൈനും ഇ. ശ്രീധരൻ സമർപ്പിച്ച പദ്ധതിയും സംസ്ഥാന സർക്കാർ ഉപേക്ഷിച്ച സ്ഥിതിക്ക് കേന്ദ്രസർക്കാർ അക്കാര്യവുമായി മുന്നോട്ടുപോകുന്നില്ല. കേരളത്തിലെ വടക്കുമുതൽ തെക്കുവരെയുള്ള റെയിൽ‌ ശ്രംഖലയുടെ ശേഷി വർധിപ്പിക്കുന്നതായി ഒട്ടേറെ സർവേകളും നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം പദ്ധതികൾ മുന്നോട്ടുകൊണ്ടു പോകുന്നതിന് വെല്ലുവിളിയാണ്. കേരളത്തിലെ റെയിൽവെ വികസനത്തിന് ആവശ്യമായ 618 ഹെക്ടർ ഭൂമിയിൽ 78 ഹെക്ടർ മാത്രമേ ഇതുവരെ ഏറ്റെടുത്തിട്ടുള്ളൂ. ഭൂമി ഏറ്റെടുക്കുന്നതിനായി 1,976 കോടി രൂപ സർക്കാറിന് കൈമാറിയിട്ടുണ്ട്. മംഗളൂരു-കാസർകോട്-ഷൊർണൂർ, ഷൊർണൂർ-എറണാകുളം, തിരുവനന്തപുരം-കായംകുളം, ഷൊർണൂർ-കോയമ്പത്തൂർ പാതകളിൽ പുതിയ മൂന്നും നാലും വരി നിർമിക്കുന്നതിനുള്ള ഫീൽഡ് ലൊക്കേഷൻ സർവേ പൂർത്തിയായിട്ടുണ്ട്. കേരളത്തിന് ഇത് മതിയെന്നാണ് കേന്ദ്രം പറയുന്നത്.

പാലക്കാട് കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറിയും മറ്റ് പ്രഖ്യാപിത അതിവേഗ റെയിൽ പദ്ധതികളും കടലാസിലൊതുങ്ങുമ്പോൾ, അത് കേരളത്തിന്റെ വ്യവസായികവും ഗതാഗതപരവുമായ ഭാവി പ്രതീക്ഷകൾക്കേറ്റ കനത്ത തിരിച്ചടിയാണ്. വർഷങ്ങളായി മാറിയെത്തിയ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വാഗ്ദാനങ്ങളും രാഷ്ട്രീയ മുതലെടുപ്പുകളും മാത്രമായി പദ്ധതികൾ ചുരുങ്ങിയപ്പോൾ, നഷ്ടമായത് നാടിന്റെ വികസന സാധ്യതകളാണ്. ഭൂമി ഏറ്റെടുക്കലിലെ കാലതാമസവും ഭരണതലത്തിലെ ഏകോപനമില്ലായ്മയും കേന്ദ്രത്തിന്റെ അവഗണനയും ഒത്തുചേർന്നപ്പോൾ, കാത്തിരിപ്പുകൾക്കൊടുവിൽ നിരാശ മാത്രമാണ് കേരളത്തിന് ബാക്കിയാകുന്നത്.

ഇനി മുന്നോട്ടുള്ള വഴിയിൽ, ഭാവി വികസനത്തിനായി റെയിൽവേ മാറ്റിവെച്ചിരിക്കുന്ന ഭൂമിയെങ്കിലും ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ഉപയോഗപ്പെടുത്താനും, നിലവിലുള്ള പാതകളുടെ ശേഷി കൂട്ടാനുള്ള സർവേ നടപടികൾ കൃത്യസമയത്ത് പൂർത്തിയാക്കാനും ദൃഢമായ ഇടപെടലുകൾ ആവശ്യമാണ്. രാഷ്ട്രീയ തർക്കങ്ങൾക്കപ്പുറം കേരളത്തിന്റെ ന്യായമായ ആവശ്യങ്ങൾക്കായി ഒറ്റക്കെട്ടായി ശബ്ദമുയർത്തുകയും കേന്ദ്ര-സംസ്ഥാന തലങ്ങളിൽ കൂടുതൽ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുകയും ചെയ്താൽ മാത്രമേ ഇത്തരം പദ്ധതികൾ ഇനി വെറും വാഗ്ദാനങ്ങളായി ഒടുങ്ങാതിരിക്കൂ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer