കൊച്ചി: മഴക്കെടുതിക്കൊപ്പം സംസ്ഥാനത്ത് പകർച്ചവ്യാധിയും ആശങ്കയാകുന്നു. ഇൻഫ്ലുവൻസ (ഫ്ലൂ) ബാധിതരുടെ എണ്ണം ദിവസേന ഉയരുകയാണെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ 302 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടൊപ്പം H1N1 കേസുകളിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ മാത്രം 115 പേരാണ് ഇൻഫ്ലുവൻസ ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. കഴിഞ്ഞ നാല് ദിവസത്തിനിടെ മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ജൂലൈ മാസത്തിൽ മാത്രം 2,899 പേർക്ക് ഇൻഫ്ലുവൻസ സ്ഥിരീകരിച്ചപ്പോൾ 31 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഈ വർഷം ഇതുവരെ രോഗവുമായി ബന്ധപ്പെട്ട് ആകെ 70 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇൻഫ്ലുവൻസ എ വിഭാഗത്തിൽപ്പെടുന്ന H1N1 വൈറസ് ബാധയും വർധിച്ചുവരികയാണ്. ജൂലൈ വരെയുള്ള കണക്ക് പ്രകാരം 2,771 പേർക്ക് H1N1 സ്ഥിരീകരിച്ചിട്ടുണ്ടെന്നും 42 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്ന നിരക്കിലാണ് ഇത്തവണ രോഗബാധ രേഖപ്പെടുത്തുന്നത്.
എറണാകുളം ജില്ലയിലാണ് നിലവിൽ ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ നഗരപ്രദേശങ്ങളിലും കേസുകൾ വർധിക്കുന്നതായി റിപ്പോർട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം, ഉയർന്ന അന്തരീക്ഷ ഈർപ്പം, ആളുകൾ കൂട്ടംകൂടുന്ന സാഹചര്യം എന്നിവ രോഗവ്യാപനത്തിന് കാരണമാകാമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.
രോഗപ്രതിരോധശേഷി കുറഞ്ഞവർ മാസ്ക് ഉപയോഗിക്കണമെന്നും പനി, ശരീരവേദന, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ സ്വയം ചികിത്സയ്ക്ക് പകരം ഉടൻ വൈദ്യസഹായം തേടണമെന്നും ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.
അതേസമയം, ഇൻഫ്ലുവൻസയ്ക്കൊപ്പം ഡെങ്കിപ്പനിയും എലിപ്പനിയും സംസ്ഥാനത്ത് ആശങ്ക ഉയർത്തുന്നുണ്ട്. പ്രതിദിന ഡെങ്കിപ്പനി കേസുകൾ നൂറിനടുത്ത് തുടരുകയാണ്. വെള്ളപ്പൊക്കത്തിന് പിന്നാലെ എലിപ്പനി വ്യാപിക്കാനുള്ള സാധ്യതയും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. രോഗലക്ഷണങ്ങൾ അവഗണിക്കാതെ സമയബന്ധിതമായി ചികിത്സ തേടുകയും ഡോക്ടറുടെ നിർദേശപ്രകാരം പ്രതിരോധ മരുന്നുകൾ സ്വീകരിക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.




