കാസർകോട്: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ് കയറിയത് യാത്രക്കാരെയും ഡ്രൈവറെയും പരിഭ്രാന്തരാക്കി. ചേവാറിൽ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഓട്ടോ ഓടിച്ചുകൊണ്ടിരിക്കെ പാമ്പ് ഡ്രൈവർ പിയൂസിന്റെ കൈയിലൂടെ ശരീരത്തിലേക്ക് ഇഴഞ്ഞുകയറി. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ അദ്ദേഹം ഉടൻ വാഹനം സുരക്ഷിതമായി നിർത്തി പാമ്പിനെ പുറത്തേക്ക് എറിഞ്ഞു. ഓട്ടോറിക്ഷയിൽ യാത്രക്കാരും ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റില്ല.
പാമ്പിനെ പുറത്തേക്ക് എറിഞ്ഞതിന് പിന്നാലെ അത് വീണ്ടും ഓട്ടോറിക്ഷയുടെ അടിയിലേക്ക് കയറി. തുടർന്ന് സ്നേക്ക് റെസ്ക്യൂ ടീമിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ സംഘം പാമ്പിനെ സുരക്ഷിതമായി പിടികൂടി. ഇത് വലിയ വിഷമില്ലാത്ത കാട്ടുപാമ്പാണെന്നാണ് സ്നേക്ക് റെസ്ക്യൂ ടീമിന്റെ പ്രാഥമിക വിലയിരുത്തൽ. ഡ്രൈവറും യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.




