കാസർകോട്: എട്ട് മാസമായി വൈദ്യുതിയില്ലാതെ പ്രവർത്തിച്ച് കാസർകോട് രാംദാസ് നഗർ പോസ്റ്റ് ഓഫീസ്. മൊബൈൽ ഫ്ലാഷിന്റെ വെളിച്ചത്തിലാണ് ജീവനക്കാർ ദൈനംദിന ജോലികൾ നിർവഹിക്കുന്നതെന്ന് ജീവനക്കാർ പറയുന്നു. വേനൽക്കാലത്തും വൈദ്യുതിയില്ലാതെയാണ് ഓഫീസ് പ്രവർത്തിച്ചതെന്നും അവർ വ്യക്തമാക്കി.
മധൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത്. പോസ്റ്റ് ഓഫീസിന് പ്രത്യേക വൈദ്യുതി കണക്ഷൻ എടുക്കണമെന്ന നിർദേശം പാലിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്നാണ് വിവരം. പുതിയ കണക്ഷനായി ആവശ്യമായ ഏകദേശം 60,000 രൂപ ഇതുവരെ അടച്ചിട്ടില്ലെന്നും ആരോപണമുണ്ട്.
എട്ട് മാസം മുമ്പ് കെട്ടിടത്തിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതിനെ തുടർന്ന് നിലവിലുണ്ടായിരുന്ന വൈദ്യുതി കണക്ഷൻ പ്രവർത്തനരഹിതമായി. തുടർന്ന് പരിശോധന നടത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥർ, പോസ്റ്റ് ഓഫീസ് ഉൾപ്പെടെയുള്ള ഓരോ സ്ഥാപനത്തിനും പ്രത്യേക വൈദ്യുതി കണക്ഷൻ വേണമെന്ന് നിർദേശിച്ചിരുന്നു.
പോസ്റ്റ് ഓഫീസിന് പുറമേ പഞ്ചായത്ത് ലൈബ്രറി ഉൾപ്പെടെ മൂന്ന് സ്ഥാപനങ്ങളാണ് ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. മുമ്പ് ഇവയെല്ലാം ഒരു വൈദ്യുതി കണക്ഷനിലൂടെയായിരുന്നു പ്രവർത്തിച്ചിരുന്നത്.
പ്രത്യേക കണക്ഷൻ ലഭ്യമാക്കാൻ പദ്ധതിക്ക് അംഗീകാരം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും ഏകദേശം 60,000 രൂപ ചെലവ് വരുമെന്നും പഞ്ചായത്ത് വിശദീകരിക്കുന്നു. അതേസമയം, പോസ്റ്റ് ഓഫീസിന്റെ പ്രവർത്തനം സുഗമമാക്കാൻ തപാൽ വകുപ്പും വേണ്ടത്ര ഇടപെടൽ നടത്തിയിട്ടില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
വൈദ്യുതി ഇല്ലാത്തതിനാൽ ജീവനക്കാരും പൊതുജനങ്ങളും മാസങ്ങളായി കടുത്ത ബുദ്ധിമുട്ട് നേരിടുകയാണ്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുകയാണ്.




