ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ വിഷയത്തിൽ തമിഴ്നാടുമായി ചർച്ച നടത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു. മുഖ്യമന്ത്രിതലത്തിൽ ചർച്ച നടത്തുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും, അതിനുള്ള സാധ്യതകൾ കേരളം തേടുമെന്നും മന്ത്രി പറഞ്ഞു.
തമിഴ്നാടിന്റെ പ്രഖ്യാപനം ദൗർഭാഗ്യകരമാണെന്നും, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധനകൾ പൂർത്തിയായിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സുപ്രീംകോടതി നിർദേശപ്രകാരം നിലവിൽ 142 അടിയായി ജലനിരപ്പ് നിലനിർത്തുന്നതാണുള്ളത്. ഇതിൽ ഏകപക്ഷീയമായി മാറ്റം വരുത്താൻ കേരളത്തിനോ തമിഴ്നാടിനോ അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് സംസ്ഥാനങ്ങൾക്കും സ്വീകാര്യമായ പരിഹാരം സുപ്രീംകോടതി പരിശോധിച്ച് തീരുമാനിക്കണമെന്നാണ് കേരളത്തിന്റെ നിലപാട്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന ആവശ്യത്തിൽ സംസ്ഥാനത്തിന് യാതൊരു മാറ്റവുമില്ലെന്നും, കേരളത്തിന്റെ സുരക്ഷാ താൽപര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഉറച്ച നിലപാട് തുടരുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി വിജയ് നയിക്കുന്ന തമിഴ്നാട് സർക്കാരിന്റെ ആദ്യ ബജറ്റിൽ നിലവിലുള്ള കരാറുകളും ട്രൈബ്യൂണൽ വിധികളും കോടതിനിർദേശങ്ങളും അനുസരിച്ച് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തിന്റെ ജലാവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി മേഘദാതു പദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിലപാട് ശക്തമാക്കുമെന്നും, ആനമലയാർ, നല്ലൂർ അണക്കെട്ട് പദ്ധതികൾ, ഗോദാവരി–കാവേരി നദീബന്ധന പദ്ധതി എന്നിവ മുന്നോട്ടുകൊണ്ടുപോകുമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
തോട്ടപ്പള്ളി സ്പിൽവേയിലെ മാലിന്യം നീക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തിലും മന്ത്രി പ്രതികരിച്ചു. ഈ വിഷയത്തിൽ സർക്കാർ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നും, പിന്നീട് അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.




