മലപ്പുറം: നിലമ്പൂർ എടക്കരയിലെ വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിൽ ഡ്യൂട്ടി സമയത്ത് മദ്യലഹരിയിൽ സഹപ്രവർത്തകരെ മർദിച്ച സംഭവത്തിൽ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു.
നിലമ്പൂർ നോർത്ത് ഡിവിഷനിലെ വാണിയമ്പുഴ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ടി. അജികുമാറിനെയും ബീറ്റ് ഫോറസ്റ്റ് ഓഫീസർ ടിജോ ജോസഫിനെയുമാണ് നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡി.എഫ്.ഒ.) സസ്‌പെൻഡ് ചെയ്തത്.
പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം, ഡ്യൂട്ടി സമയത്ത് മദ്യലഹരിയിലായിരുന്ന അജികുമാർ ഫോറസ്റ്റ് സ്റ്റേഷനിലുണ്ടായിരുന്ന എസ്.എഫ്.ഒമാരായ കെ.സി. സന്തോഷ്, വി. മനോജ്, പി. ചന്ദ്രൻ എന്നിവരെയും ദിവസവേതന വാച്ചറായ രതീഷിനെയും മർദിച്ചു. സംഭവത്തിൽ ടിജോ ജോസഫ് അക്രമത്തിന് ഒത്താശ ചെയ്യുകയും പിന്തുണ നൽകുകയും ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.
സംഭവവിവരം ലഭിച്ചതിനെ തുടർന്ന് ഡി.എഫ്.ഒയുടെ നിർദേശപ്രകാരം നിലമ്പൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസറും റിസർവ് ഫോഴ്സ് റേഞ്ച് ഫോറസ്റ്റ് ഓഫീസറും വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെത്തി തെളിവെടുപ്പ് നടത്തി. തുടർന്ന് വകുപ്പുതല അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു.


