ഉറക്കം വരുമ്പോഴോ ക്ഷീണം, മടുപ്പൊക്കെ തോന്നുമ്പോഴെല്ലാം കോട്ടുവായ ഇടുന്നവരല്ലേ നമ്മളെല്ലാം. അത് കാണുന്നവരിലേക്കും ആ കോട്ടുവായ പകർന്നു പോകുന്നതായി ശ്രദ്ധിച്ചിട്ടില്ലേ! ഇതെങ്ങനെ എന്ന് ഒരിക്കലെങ്കിലും നിങ്ങൾ ചിന്തിച്ചു കാണും. ഒരു ദിവസം ആറ് മുതൽ 23 തവണ വരെ മനുഷ്യർ കോട്ടവായ ഇടാറുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
ഓരോ കോട്ടുവായ സമയത്തും ശ്വാസം തുറന്ന വായയിലൂടെ എടുക്കുകയും ഏതാനും സെക്കൻറുകൾ പിടിച്ചുവെച്ച ശേഷം പുറത്തേക്ക് വിടുകയും ചെയ്യുന്നു. മനുഷ്യർ മാത്രമല്ല നായയും പൂച്ചയും മീനും ചിമ്പാൻസികളുമൊക്കെ ഉൾപ്പെട്ട ജീവജാലങ്ങളും കോട്ടുവായ ഇടാറുണ്ട്. ഉറക്കച്ചടവ്, ക്ഷീണം, മാനസികസമ്മർദം ഇവയൊക്കെയാണ് പൊതുവെ കോട്ടുവായ്ക്ക് കാരണങ്ങൾ.
കോട്ടുവായ പകരുന്ന സ്വഭാവം ഒരു കുട്ടിയിൽ ആരംഭിക്കുന്നത് നാല് അല്ലെങ്കിൽ അഞ്ച് വയസു മുതലാണത്രേ. ഈ പ്രായത്തിലാണ് കുട്ടികൾ സഹാനുഭൂതി വളർത്തിയെടുക്കാൻ തുടങ്ങുന്നത്. സഹാനുഭൂതി എന്നാൽ മറ്റൊരാളുടെ വികാരങ്ങളെ മനസിലാക്കാനും പങ്കുവെക്കാനുമുള്ള കഴിവുണ്ടാകുക എന്നാണ്. ഈ സഹാനുഭൂതിയാണ് കോട്ടുവായ മറ്റുള്ളവരിലേക്ക് പകരാൻ കാരണമെന്ന് ഗവേഷകർ പറയുന്നത്. അപരിചിതരെക്കാൾ അടുപ്പമുള്ളവർ കോട്ടുവായ ഇടുമ്പോഴാണ് അത് പകരുന്ന പ്രവണത കൂടുതലുള്ളത്.
നിങ്ങളുടെ മസ്തിഷത്തിലുള്ള ‘മിറർ’ ന്യൂറോണുകൾ മറ്റുള്ളവർ എന്തെങ്കിലും ചെയ്യുന്നത് കാണുമ്പോൾ ആക്ടീവാകുന്നു. ശേഷം അതുപോലെ ചെയ്യാൻ പ്രേരിപ്പിക്കുന്നു. കോട്ടുവായ പകരുന്നതിന് പിന്നിലും ഈ ന്യൂറോൺ ആണ് പ്രവർത്തിക്കുന്നത്. മറ്റുള്ളവർ ചെയ്യുന്നത് അതുപോലെ പകർത്തുകയാണ് ഈ സാഹചര്യത്തിൽ മസ്തിഷ്‌കം ചെയ്യുന്നത്.




