കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചെന്ന കേസിൽ യുവാവിനെ കോഴിക്കോട് സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
നോർത്ത് ബേപ്പൂർ കക്കേടത്ത് ഹൗസിൽ നിധിൻ (37) ആണ് അറസ്റ്റിലായത്. സമൂഹത്തിൽ ലഹളയുണ്ടാക്കാനും പൊതുസമാധാനം തകർക്കാനും ശ്രമിച്ചെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിൽ മോശം ഭാഷയിൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് പ്രസിദ്ധീകരിച്ചെന്ന മീഞ്ചന്ത സ്വദേശിയുടെ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റിലായ നിധിൻ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായിരുന്നു.




