സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണ രംഗത്ത് വൻ അഴിച്ചുപണികൾക്കാണ് യുഡിഎഫ് സർക്കാർ തുടക്കം കുറിച്ചിരിക്കുന്നത്. അനർഹരെ ഒഴിവാക്കി അർഹരായ പാവപ്പെട്ടവരിലേക്ക് മാത്രം ക്ഷേമ പെൻഷൻ കൃത്യമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ തീരുമാനങ്ങളിലേക്ക് സർക്കാർ കടന്നുകഴിഞ്ഞു. പെൻഷൻ വിതരണ ചുമതലയിൽ നിന്ന് സഹകരണ ബാങ്കുകളെയും സൊസൈറ്റികളെയും ഒഴിവാക്കി തുക പൂർണ്ണമായും നാഷണലൈസ്ഡ് ബാങ്കുകൾ വഴി നേരിട്ട് അക്കൗണ്ടുകളിലേക്ക് നൽകാൻ സർക്കാർ തീരുമാനിച്ചതോടെ, വർഷങ്ങളായി നിലനിന്നിരുന്ന രീതിയാണ് അവസാനിക്കുന്നത്. ഒപ്പം സർക്കാർ വാദം ശരിയാണെങ്കിൽ, വ്യാജ ഗുണഭോക്താക്കൾക്ക് വലിയൊരു തിരിച്ചടിയുമാകുമിത്.
ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) സംവിധാനത്തിലൂടെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് പെൻഷൻ നൽകുന്നതിന് സർക്കാർ ഉത്തരവായി. എന്നാൽ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ഒന്നാകെ ഇല്ലാതാക്കാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.
വിതരണം ചെയ്യാത്ത തുക തിരിച്ചടയ്ക്കുന്നതിലുണ്ടാകുന്ന കാലതാമസവും അർഹതയില്ലാത്തവർ, ഒന്നിൽ കൂടുതൽ പെൻഷൻ വാങ്ങുന്നവർ എന്നിവരെ ഒഴിവാക്കാനുമാണ് നടപടിയെന്നുമാണ് സർക്കാരിന്റെ വിശദീകരണം. കേന്ദ്ര സഹായം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് ബാങ്ക് വഴി വിതരണമെന്നും വിശദീകരണത്തിലുൾപ്പെടുന്നു. പൂർണമായും കിടപ്പുരോഗികളായ ഗുണഭോക്താക്കൾക്ക് ഒഴികെ മറ്റെല്ലാ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്കും പെൻഷൻ ഇനി അക്കൗണ്ടുകൾ വഴിയായിരിക്കും ലഭിക്കുക. നിലവിൽ സഹകരണ സംഘങ്ങൾ മുഖേന വീടുകളിലെത്തി പെൻഷൻ വിതരണം ചെയ്യുന്ന രീതിയാണുള്ളത്. കേന്ദ്ര സർക്കാരിന്റെ ഡിബിടി നിർദേശങ്ങൾ പൂർണമായി പാലിക്കാത്തത് മൂലം കേന്ദ്ര ധന സഹായമടക്കം നഷ്ടപെടുന്ന സാഹചര്യം ഉണ്ടായിരുന്നുവെന്ന് സംസ്ഥാന സർക്കാർ വിശദീകരിക്കുന്നു.
സഹകരണ ബാങ്കുകളെ ഒഴിവാക്കിയ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്ത് ഭരണകക്ഷി നേതാക്കളും പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. “ജനങ്ങളുടെ അവകാശം നേരിട്ട് അവരിലേക്ക് എത്തട്ടെ. അതിനിടയിൽ ചിലർ നിൽക്കുന്നു, അവരെന്തോ ഒരു ഔദാര്യം നൽകും പോലെ വീട്ടിലേക്കെത്തിക്കുന്നു. ഇനി അത്തരം ഏർപ്പാടൊന്നും ഇല്ല,” എന്നാണ് കോൺഗ്രസ് നേതാവ് ബി.ആർ.എം.ഷഫീർ ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. മുൻ സർക്കാറിന്റെ കാലത്ത് നടന്ന വൻ പെൻഷൻ ക്രമക്കേടുകളും തട്ടിപ്പുകളും ഇതിലൂടെ അവസാനിക്കുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.
സഹകരണ സംഘങ്ങൾ വഴി പെൻഷൻ വിതരണം ചെയ്തപ്പോൾ ഗുണഭോക്താക്കൾക്കുള്ള തിരിച്ചടവ് വിവരങ്ങളും വിതരണ കണക്കുകളും കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന ഗുരുതരമായ പോരായ്മ പുതിയ സർക്കാർ നിരീക്ഷിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ പെൻഷൻ മാനദണ്ഡങ്ങളും ഇതിൽ പ്രധാന ഘടകമായി മാറി. ഇതോടെ, ഇനി മുതൽ നാഷണലൈസ്ഡ് ബാങ്കുകളുടെ അക്കൗണ്ടുകൾ വഴി മാത്രമായിരിക്കും പെൻഷൻ എന്ന നിലപാടിലേക്ക് സർക്കാർ എത്തി. കിടപ്പുരോഗികൾക്കും നേരിട്ട് പോയി തുക വാങ്ങാൻ കഴിയാത്ത ഒഴിവാക്കാനാകാക്കാത്ത ഗുണഭോക്താക്കൾക്കും മാത്രമേ വീടുകളിൽ നേരിട്ട് തുക എത്തിക്കുകയുള്ളൂ. സഹകരണ സംഘങ്ങൾക്ക് നൽകിയിരുന്ന വൻ തുകയുടെ ഇൻസെന്റീവ് ലാഭിക്കാനും ഈ നീക്കത്തിലൂടെ സാധിക്കും.
കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ കത്ത് പരിശോധിച്ച ശേഷമാണ് ധനവകുപ്പ് പുതിയ ഉത്തരവിറക്കിയത്. മുൻ ഇടതു സർക്കാറിന്റെ കാലത്ത് സഹകരണ സ്ഥാപനങ്ങളിലെ കളക്ഷൻ ഏജന്റുമാർ വഴി വീടുകളിൽ നേരിട്ട് പെൻഷൻ വിതരണം ചെയ്തിരുന്ന രീതിയോടെയാണ് ഇതോടെ വിരാമമാകുന്നത്. ഈ രീതിയുടെ മറവിൽ വ്യാപകമായ അഴിമതിയും ക്രമക്കേടും നടന്നതായി വ്യക്തമായിരുന്നു.
ജീവനക്കാരുടെ പെൻഷൻ ക്രമക്കേടുകൾ: ഞെട്ടിക്കുന്ന കണ്ടെത്തലുകൾ
സാമൂഹിക ക്ഷേമ പദ്ധതികളെപ്പോലും അട്ടിമറിക്കുന്ന രീതിയിൽ, ഉയർന്ന വേതനം കൈപ്പറ്റുന്ന ഗസറ്റഡ് ഓഫീസർമാർ ഉൾപ്പെടെ 1,458 സർക്കാർ ജീവനക്കാർ അനർഹമായി ക്ഷേമപെൻഷൻ തട്ടിയെടുത്ത വിവരം മുൻപ് പുറത്തുവന്നത് വലിയ ജനരോഷത്തിന് വഴിവെച്ചിരുന്നു. ഇൻഫർമേഷൻ കേരള മിഷൻ സോഫ്റ്റ്വെയർ അധിഷ്ഠിതമായി നടത്തിയ സമഗ്ര പരിശോധനയിലാണ് ഈ ക്രമക്കേട് വെളിച്ചത്തായത്. തുടർനടപടിയുടെ ഭാഗമായി മണ്ണ് സംരക്ഷണ വകുപ്പിലെ പാർട്ട് ടൈം സ്വീപ്പർ മുതൽ വർക്ക് ഓഫീസർ വരെയുള്ള ആറ് ഉദ്യോഗസ്ഥരെ തൽക്കാലത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. അനധികൃതമായി കൈപ്പറ്റിയ തുക 18% പലിശ ചേർത്തുകൊണ്ട് തിരിച്ചടപ്പിക്കാൻ ഉത്തരവിട്ടിരുന്നെങ്കിലും, ആ തുക പൂർണ്ണമായി ഈടാക്കാൻ സാധിച്ചോ എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
അതിശയകരമെന്നു പറയട്ടെ, ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന കോളേജ് അസിസ്റ്റന്റ് പ്രൊഫസർമാരും ഹയർ സെക്കൻഡറി അധ്യാപകരും വരെ പാവപ്പെട്ടവരുടെ ഈ പെൻഷൻ പണം തട്ടിയെടുത്തവരുടെ കൂട്ടത്തിലുണ്ടായിരുന്നു. തിരുവനന്തപുരം, പാലക്കാട് ജില്ലകളിലെ സർക്കാർ കോളേജുകളിലെ രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാരും മൂന്ന് ഹയർ സെക്കൻഡറി അധ്യാപകരും ഇതിൽ ഉൾപ്പെടുന്നു.
അനർഹമായി പെൻഷൻ കൈപ്പറ്റിയ പ്രമുഖ വകുപ്പുകൾ
- ആരോഗ്യ വകുപ്പ് : 373 പേർ
- പൊതുവിദ്യാഭ്യാസ വകുപ്പ് : 224 പേർ
- മെഡിക്കൽ എഡ്യൂക്കേഷൻ : 124 പേർ
- ആയുർവേദ വകുപ്പ് : 114 പേർ
- മൃഗസംരക്ഷണം : 74 പേർ
- പൊതുമരാമത്ത് (PWD) : 47 പേർ
- സാങ്കേതിക വിദ്യാഭ്യാസം : 46 പേർ
- ഹോമിയോപ്പതി : 41 പേർ
- കൃഷി, റവന്യൂ : 35 പേർ വീതം
- ജുഡീഷ്യറി & സോഷ്യൽ ജസ്റ്റിസ് : 34 പേർ
- ഇൻഷുറൻസ് മെഡിക്കൽ സർവീസ് : 31 പേർ
- കോളേജ് എഡ്യൂക്കേഷൻ : 27 പേർ
ഇതിനുപുറമേ സോഷ്യൽ വെൽഫെയർ, രജിസ്ട്രേഷൻ, മ്യൂസിയം, പ്രിന്റിംഗ്, ഫുഡ് സേഫ്റ്റി, എക്സൈസ്, ആർക്കിയോളജി വകുപ്പുകളിൽ നിന്ന് 3 പേർ വീതവും; ലേബർ, ലീഗൽ മെട്രോളജി, കെമിക്കൽ എക്സാമിനേഷൻ ലാബ്, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, ലാ കോളേജുകൾ എന്നിവയിൽ നിന്ന് 2 പേർ വീതവും പെൻഷൻ തട്ടിയെടുത്തവരിൽ പെടുന്നു. എൻ.സി.സി, ലോട്ടറി, ജയിൽ, ലേബർ കോർട്ട്, ഹാർബർ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഡ്രഗ്സ് കൺട്രോൾ, കയർ ഡെവലപ്പ്മെന്റ് തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരും ഈ തട്ടിപ്പിൽ പങ്കാളികളായി. നഷ്ടപ്പെട്ട തുക പലിശസഹിതം പൂർണ്ണമായി കണ്ടുകെട്ടുമെന്ന് അന്ന് സർക്കാരുകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ആ നടപടികൾ പാതിവഴിയിൽ നിലയ്ക്കുകയാണുണ്ടായത്.
പൊതുജനങ്ങളുടെ നികുതിപ്പണം അർഹതയില്ലാത്തവരുടെ അക്കൗണ്ടിലേക്ക് പോകുന്നത് പുതിയ നീക്കത്തിലൂടെ തടയാനാകുമെങ്കിൽ അത് നല്ലതാണ്. ഇതോടെ സംസ്ഥാനത്തെ സാമൂഹിക ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ ആകെ എണ്ണത്തിൽ വലിയ കുറവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ 66.22 ലക്ഷം ഗുണഭോക്താക്കളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ സാമൂഹികസുരക്ഷാ പെൻഷൻ വാങ്ങുന്ന 51.87 ലക്ഷം പേരും വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്ന് പെൻഷൻ ലഭിക്കുന്ന 14.35 ലക്ഷം പേരും ഉൾപ്പെടുന്നു.
യു.ഡി.എഫ്. സർക്കാർ പ്രതിമാസ പെൻഷൻ തുക 3,000 രൂപയായി വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ, നിലവിലെ ഭീമമായ ഗുണഭോക്തൃ പട്ടിക വച്ച് തുക നൽകിയാൽ സർക്കാരിന് മാസംതോറും 1,986 കോടി രൂപ വേണ്ടിവരും. നിലവിൽ നൽകുന്ന 2,000 രൂപ വച്ച് തന്നെ ഖജനാവിന് വലിയ ബാധ്യതയാണ്. അതിനാൽ, മസ്റ്ററിംഗും തുടർപരിശോധനകളും കർശനമാക്കി അനർഹരെ പൂർണ്ണമായി വെട്ടിനിരത്തുന്നതോടെ സർക്കാരിന്റെ സാമ്പത്തിക ബാധ്യത ഗണ്യമായി കുറയ്ക്കുക എന്നൊരു ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടുതലുള്ളവർ, ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, ആദായനികുതി നൽകുന്നവർ, 1,000 സി.സി.ക്ക് മുകളിൽ എൻജിൻ ശേഷിയുള്ള കാറുകളുള്ളവർ, മറ്റ് പെൻഷനുകൾ വാങ്ങുന്നവർ എന്നിവർക്കൊന്നും നിലവിൽ ക്ഷേമപെൻഷന് അർഹതയില്ല. എന്നാൽ, വ്യാജ വരുമാന സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയും ഗൾഫിലുള്ള മക്കളുടെ വരുമാനം മറച്ചുവെച്ചുമാണ് ഇത്തരക്കാരുടെ തട്ടിപ്പ്. വരും ദിവസങ്ങളിൽ മസ്റ്ററിംഗ് പൂർത്തിയാകുന്നതോടെ മരണപ്പെട്ടവരുടെ പേരിലുള്ള പെൻഷനുകൾ തനിയെ ഒഴിവാകും.
എന്നാൽ പ്രതിപക്ഷം ഈ നീക്കത്തെ വിമർശിക്കുകയാണ് ചെയ്യുന്നത്. ശാരീരികമായ ബുദ്ധിമുട്ടുകൾ നേരിടുന്ന, അവശതയനുഭവിക്കുന്ന വയോജനങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന ആശ്വാസ പെൻഷൻ മുടക്കുന്നതിലൂടെ വലിയ ജനദ്രോഹമാണ് UDF സർക്കാർ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിക്കുന്നു. പെൻഷൻ മാത്രം ആശ്രയിക്കുന്ന, കിടപ്പുരോഗികൾ അല്ലാത്ത പ്രായമായവരാകും ഏറ്റവും ബുദ്ധിമുട്ടുക. ഗ്രാമീണ, മലയോര മേഖലകളിൽ ബാങ്കിങ് സൗകര്യം അകലെയായതിനാൽ ഇവിടങ്ങളിലുള്ള വയോജനങ്ങൾ അധിക പ്രയാസം അനുഭവിക്കേണ്ടിവരും എന്നതും ഒരു വസ്തുത തന്നെയാണ്. ഇടത് സ്വാധീനം ഏറെയുള്ള സഹകരണ ബാങ്കുകളെ രാഷ്ട്രീയമായി ദുർബലപ്പെടുത്തുക എന്ന ലക്ഷ്യവും ഈ നീക്കത്തിന് പിന്നിലുണ്ടെന്നും ആരോപണങ്ങളുണ്ട്.




