തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കേരളത്തിൽ ‘വന്ദേമാതരം’ പൂർണമായി ആലപിക്കുന്നതിനെച്ചൊല്ലി സർക്കാർതലത്തിൽ ഭിന്നാഭിപ്രായം. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ’ പ്രചാരണത്തിന്റെ ഭാഗമായി വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ നിർദേശം നൽകിയിരുന്നു.
എന്നാൽ സംസ്ഥാന-ജില്ലാ തലങ്ങളിലും സർക്കാർ ഓഫീസുകളിലും ഔദ്യോഗികമായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ വന്ദേമാതരം ഉൾപ്പെടുത്തിയിട്ടില്ല. ഇത്തരം ഔദ്യോഗിക ചടങ്ങുകളുടെ ക്രമീകരണം പ്രോട്ടോക്കോൾ വിഭാഗമാണ് നിർവഹിക്കുന്നത്.
ചീഫ് സെക്രട്ടറിയുടെ നിർദേശം ‘ഹർ ഘർ തിരംഗ’യുടെ ഭാഗമായി നടക്കുന്ന അനൗപചാരിക പ്രചാരണ പരിപാടികൾക്ക് മാത്രമാണ് ബാധകമെന്നാണ് സർക്കാർ വിശദീകരണം. അതേസമയം, വന്ദേമാതരം പൂർണമായി ആലപിക്കേണ്ടതില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. നിർദേശത്തെക്കുറിച്ച് അറിയില്ലെന്നും പരിശോധിക്കാമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
നിർദേശം സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ പുറപ്പെടുവിച്ചതല്ലെന്നും പുതിയ കാര്യമല്ലെന്നും മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. രാജ്ഭവനിൽനിന്ന് നിർദേശം നൽകാൻ ആവശ്യപ്പെടുമ്പോൾ ചീഫ് സെക്രട്ടറിക്ക് അത് നടപ്പാക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന നിർദേശം ആർ.എസ്.എസ്. നയത്തിന്റെ ഭാഗമാണെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയനും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നിർദേശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി നടപടി സ്വീകരിച്ചതെന്നാണ് വിശദീകരണം. പരമ്പരാഗതമായി വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രമാണ് ഔദ്യോഗിക ചടങ്ങുകളിൽ ആലപിച്ചിരുന്നത്. വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന തീരുമാനം കേന്ദ്ര സർക്കാരിന്റേതാണ്.




