തിരുവനന്തപുരം: നെടുമങ്ങാട് കോടതിയിൽ നിന്ന് റിമാൻഡ് ചെയ്യുന്നതിനിടെ രക്ഷപ്പെട്ട പോക്സോ കേസ് പ്രതി നിതിൻ രാജ് (31) പിടിയിൽ. എട്ട് ദിവസം നീണ്ട തിരച്ചിലിനൊടുവിൽ അരശുപറമ്പിലെ വീട്ടിൽ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പോക്സോ കേസിലെ നാലാം പ്രതിയായ നിതിൻ രാജ് കഴിഞ്ഞ 31ന് ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി അഭിഭാഷകനൊപ്പം കോടതിയിലെത്തിയിരുന്നു. ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കാനായി മാറ്റിവെച്ച് പ്രതിയെ റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഇയാൾ അപ്രതീക്ഷിതമായി കോടതിയിൽ നിന്ന് ഓടി രക്ഷപ്പെട്ടത്.
പൊലീസുകാരെയും കോടതി ജീവനക്കാരെയും വെട്ടിച്ചാണ് പ്രതി രക്ഷപ്പെട്ടത്. തുടർന്ന് പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കിയെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല.
ഫോൺ ഉപേക്ഷിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഇന്നലെ രാവിലെ വീട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് അരശുപറമ്പിലെ വീട്ടിലെത്തി ഇയാളെ പിടികൂടിയത്. കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലീസിനെ പിടിച്ചുതള്ളുകയും അസഭ്യം പറയുകയും ചെയ്തതിന് നിതിൻ രാജിനെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തു.
2022ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ നാലാം പ്രതിയാണ് നിതിൻ രാജ്. നേരത്തെ കാപ്പാ കേസ് പ്രതിയായിരുന്നുവെന്ന വിവരം കൂടി പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ മാറ്റിവെച്ച് റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടത്.




