പൂണെ: മഹാരാഷ്ട്രയിലെ ബാരാമതി വിമാനത്താവളത്തിൽ പരിശീലന പറക്കലിനിടെ വിമാനം അപകടത്തിൽപ്പെട്ടു. ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം റൺവേയിൽനിന്ന് തെന്നിമാറിയാണ് അപകടത്തിൽപ്പെട്ടത്.
ഞായറാഴ്ച ഉച്ചയ്ക്ക് 12.35ഓടെയാണ് സംഭവം. പരിശീലന പറക്കലിനായി സ്വകാര്യ കമ്പനി ഉപയോഗിച്ച VT-SEX വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫ് ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് വിമാനം റൺവേയിൽ നിർത്താൻ കഴിയാതെ പുറത്തേക്ക് തെന്നിമാറുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന ക്യാപ്റ്റൻ ചിരാഗ് ശശികാന്തും കേഡറ്റ് അഭിജിത് ജുന്ദ്രയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇരുവരും സുരക്ഷിതരാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സന്ദീപ് സിങ് ഗിൽ അറിയിച്ചു. അപകടത്തിൽ വിമാനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു.
ബാരാമതിയിൽ അടുത്തിടെയായി ഉണ്ടായ വിമാനാപകടങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ സംഭവം. കഴിഞ്ഞ ജനുവരിയിൽ ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചിരുന്നു. തുടർന്ന് മേയ് 13നും ബാരാമതിയിൽ മറ്റൊരു സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനം അപകടത്തിൽപ്പെട്ടിരുന്നു.











