കോഴിക്കോട്: ആനക്കൊമ്പ് കടത്ത് സംഘത്തിലെ അഞ്ചുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. തിരുവനന്തപുരം വനം ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഫ്ലയിങ് സ്ക്വാഡും താമരശ്ശേരി റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
കക്കോടി പാലത്തിന് സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. ആനക്കൊമ്പ് വിൽപ്പനയ്ക്കായി എത്തിച്ച സംഘത്തെക്കുറിച്ച് വനം ഇന്റലിജൻസിന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്.
സംസ്ഥാനത്ത് ആനക്കൊമ്പ് കടത്ത് വീണ്ടും വ്യാപകമാകുന്നുവെന്ന വിവരത്തെ തുടർന്ന് വനം ഇന്റലിജൻസ് അന്വേഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് കോഴിക്കോട് കേന്ദ്രീകരിച്ച് ആനക്കൊമ്പ് വിൽപ്പന നടത്താൻ ശ്രമിക്കുന്ന സംഘത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചത്.
പിടിയിലായവർ ആനക്കൊമ്പ് കടത്ത് ശൃംഖലയിലെ പ്രധാന കണ്ണികളാണെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.




