തിരുവനന്തപുരം: സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറിയിൽ ബിജെപി നേതാക്കളുടെ പേരും. ഇതിലെ ചില പേജുകളിലാണ് ബിജെപി നേതാവ് വി. മുരളീധരന്റെ പേരും മറ്റ് സംഘടനകളുടെയും വ്യക്തികളുടെയും പേരുകളും രേഖപ്പെടുത്തിയിരിക്കുന്നത്.
വി. മുരളീധരന്റെ പേര് രണ്ട് ഭാഗങ്ങളിലായാണ് ഡയറിയിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഒരു ഭാഗത്ത് മൂന്ന് ലക്ഷം രൂപയും മറ്റൊരു ഭാഗത്ത് രണ്ട് ലക്ഷം രൂപയുമാണ് പേരിന് നേരെ രേഖപ്പെടുത്തിയിരിക്കുന്നത്. ആർഎസ്എസിന്റെ പേരിന് നേരെ അഞ്ച് ലക്ഷം രൂപയും ഹിന്ദു ഐക്യവേദിയുടെ പേരിനൊപ്പം 50,000 രൂപയും രേഖപ്പെടുത്തിയിട്ടുണ്ട്.
വെള്ളാപ്പള്ളി നടേശന്റെ പേരിന് നേരെ അഞ്ച് ലക്ഷം രൂപ രേഖപ്പെടുത്തിയതായും ഡയറിയിലുണ്ടെന്നാണ് വിവരം. കൂടാതെ ‘ഡിജിപി’, ‘എസ്.പി.’ എന്നീ പരാമർശങ്ങളും ഡയറിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ നേതാക്കളുടെ പേരുകൾ അടങ്ങിയ ഡയറിയുടെ ചില ഭാഗങ്ങൾ ബിജെപി നേതാവ് ഷോൺ ജോർജ് നേരത്തെ പുറത്തുവിട്ടിരുന്നു. വി.ഡി. സതീശന്റെ പേരിന് നേരെ അഞ്ച് ലക്ഷം രൂപ രേഖപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പുറത്തുവന്ന ഭാഗങ്ങളിൽ പറയുന്നത്.
ഇബ്രാഹിംകുഞ്ഞ്, തങ്ങൾ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, ഉമ്മൻ ചാണ്ടി, കെ. മുരളീധരൻ, ഹൈബി ഈഡൻ, ബെന്നി, എം.പി. വീരേന്ദ്രകുമാർ, കെ.ബി. ഗണേഷ് കുമാർ, പാലോട് രവി, ടി.എം. ജേക്കബ്, ജി. സുധാകരൻ, അൻവർ സാദത്ത്, ജോണി നെല്ലൂർ, കെ.ആർ. ഗൗരിയമ്മ, ഷിബു ബേബി ജോൺ, പിണറായി വിജയൻ, എളമരം കരീം, പന്ന്യൻ രവീന്ദ്രൻ, എസ്. ശർമ്മ, വി.എസ്. അച്യുതാനന്ദൻ, പി. രാജീവ്, ഗോവിന്ദൻ മാസ്റ്റർ, സി.കെ. ചന്ദ്രപ്പൻ, കെ. ചന്ദ്രൻ പിള്ള തുടങ്ങിയ പേരുകളാണ് നേരത്തെ പുറത്തുവന്ന ഡയറി ഭാഗങ്ങളിൽ ഉണ്ടായിരുന്നത്.
എന്നാൽ ഈ ഭാഗങ്ങളിൽ ബിജെപി നേതാക്കളുടെ പേരുകൾ ഉണ്ടായിരുന്നില്ല. എസ്എഫ്ഐഒയുടെ കുറ്റപത്രത്തിൽ പരാമർശിച്ച ഡയറിയുടെ പൂർണഭാഗം ലഭിച്ചതോടെയാണ് ബിജെപി നേതാക്കളുടെയും ചില സംഘടനകളുടെയും പേരുകളും ഉൾപ്പെട്ടിട്ടുണ്ട്.
അതേസമയം, ഡയറിയിൽ ഒരാളുടെ പേരിനൊപ്പം ഒരു തുക രേഖപ്പെടുത്തിയിരിക്കുന്നതുമാത്രം പണം നൽകിയതിന്റെയോ നിയമവിരുദ്ധ ഇടപാടിന്റെയോ തെളിവാണെന്ന് സ്ഥിരീകരിക്കാനാകില്ല. രേഖകളിലെ പരാമർശങ്ങളുടെ പശ്ചാത്തലവും ഇടപാടുകളുടെ സ്വഭാവവും അന്വേഷണത്തിലൂടെയാണ് വ്യക്തമാകേണ്ടത്.


