തിരുവനന്തപുരം: കൊച്ചിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നതിന് സർക്കാർ അനുമതി ലഭിച്ചു. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 10.1312 ഹെക്ടർ ഭൂമി തരംമാറ്റാനാണ് കൃഷി വകുപ്പ് ഇന്നലെ ഉത്തരവിറക്കിയത്. സ്‌പോർട്‌സ് നയം 2023, കേരള സ്‌പോർട്‌സ് ആക്ട് 2025, കേരള സ്‌പോർട്‌സ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് സ്‌കീം 2025 എന്നിവയുടെ അടിസ്ഥാനത്തിൽ പദ്ധതിയെ ‘പൊതു ആവശ്യം’ ആയി പരിഗണിച്ചാണ് അനുമതി നൽകിയിട്ടുള്ളത്. പരിസ്ഥിതി സംരക്ഷണവും ജലസംരക്ഷണവും ഉറപ്പുവരുത്തുന്നതിനുള്ള നിർബന്ധ വ്യവസ്ഥകളും സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്.
മുൻ സർക്കാരിന്റെ കാലത്ത് കേരള ക്രിക്കറ്റ് അസോസിയേഷൻ സമർപ്പിച്ച അപേക്ഷ സംസ്ഥാനതല സമിതി വിശദമായി പരിശോധിച്ച് തരംമാറ്റത്തിന് ശുപാർശ ചെയ്തിരുന്നു. എന്നാൽ നിയമപരമായ ചില സാങ്കേതിക തടസ്സങ്ങൾ കാരണം അപേക്ഷ അംഗീകരിക്കപ്പെട്ടിരുന്നില്ല. തുടർന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യൂ മന്ത്രി കെ. രാജൻ, സ്‌പോർട്‌സ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ, കൃഷി മന്ത്രി പി. പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ പദ്ധതിക്കായി നിയമഭേദഗതി കൊണ്ടുവരികയും കഴിഞ്ഞ സർക്കാരിന്റെ അവസാന ക്യാബിനറ്റിൽ പദ്ധതിയെ ‘പൊതു ആവശ്യം’ ആയി പ്രഖ്യാപിക്കുകയുമായിരുന്നു. അതോടൊപ്പം കെ.സി.എയ്ക്ക് ഭൂപരിഷ്‌കരണ നിയമത്തിലും ഇളവ് അനുവദിക്കുകയും ചെയ്തു.


