കൊൽക്കത്ത: അടിയന്തരാവസ്ഥ കാലത്ത് പ്രതിഷേധങ്ങളുടെ പേരിൽ ജയിലിലായവർക്ക് പ്രതിമാസം 10,000 രൂപ പെൻഷൻ നൽകാൻ പശ്ചിമ ബംഗാൾ സർക്കാർ. മുഖ്യമന്ത്രി സുവേന്ദു അധികാരിയാണ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. അടിയന്തരാവസ്ഥ കാലത്ത് ജയിലിലായിരുന്ന ഏകദേശം 325 പേർക്കാണ് പെൻഷൻ ലഭിക്കുക.
രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാൻ പോരാടിയവരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് പെൻഷൻ നൽകാൻ തീരുമാനിച്ചതെന്ന് സുവേന്ദു അധികാരി പറഞ്ഞു. അടിയന്തരാവസ്ഥക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ച 325 പേരെ ‘പശ്ചിമബംഗാൾ ലോക്തന്ത്ര സേനാനി സമ്മാൻ’ പുരസ്കാരത്തിനായി സംസ്ഥാന സർക്കാർ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിനുവേണ്ടി ത്യാഗം അനുഷ്ഠിച്ചവരുടെ ആദർശങ്ങളിൽ അധിഷ്ഠിതമായാണ് പുതിയ സർക്കാർ രൂപീകരിച്ചതെന്നും അധികാരി പറഞ്ഞു.
1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ ഓർമയ്ക്കായി ജൂൺ 25 കേന്ദ്ര സർക്കാർ ‘സംവിധാൻ ഹത്യാ ദിവസ്’ ആയി ആചരിക്കുന്നുണ്ട്. ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങൾ അടിയന്തരാവസ്ഥ കാലത്ത് ജയിലിലായവരെ പെൻഷനും പുരസ്കാരങ്ങളും നൽകി നേരത്തെയും ആദരിച്ചിട്ടുണ്ട്.
ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ 84-ാം വാർഷികത്തോടനുബന്ധിച്ച് സ്വാതന്ത്ര്യസമര സേനാനികൾക്ക് അധികാരി ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. മഹാത്മാഗാന്ധിയുടെ ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന ആഹ്വാനം അനുസ്മരിച്ചുകൊണ്ട്, സ്വതന്ത്ര ഇന്ത്യയ്ക്കായി ആയിരക്കണക്കിന് ഇന്ത്യക്കാർ പരമമായ ത്യാഗം ചെയ്തതായി അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു.




