കൊച്ചി: മാർക്സിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായ എം.പി. പരമേശ്വരൻ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ആണവ ശാസ്ത്രജ്ഞനായി ഔദ്യോഗിക ജീവിതം ആരംഭിച്ച എം.പി. പരമേശ്വരൻ പിന്നീട് വൈജ്ഞാനിക സാഹിത്യത്തിന്റെയും ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെയും ഭാഗമായി. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വളർച്ചയിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.
ശാസ്ത്രത്തെ സാങ്കേതിക അറിവായി മാത്രം കാണാതെ സമൂഹത്തിന്റെ പുരോഗതിക്കും മനുഷ്യവിമോചനത്തിനുമുള്ള ഉപാധിയായി കാണണമെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആശയം. ശാസ്ത്രീയ മനോഭാവം വളർത്തുന്നതിനും ശാസ്ത്രത്തെ സാധാരണക്കാർക്കിടയിൽ എത്തിക്കുന്നതിനും അദ്ദേഹം വലിയ സംഭാവനകൾ നൽകി.
ഭാഭാ ആറ്റമിക് റിസർച്ച് സെന്ററിൽ ശാസ്ത്രജ്ഞനായി പ്രവർത്തിച്ചിരുന്ന അദ്ദേഹം 1975ൽ ജോലി രാജിവെച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തകനായി. പിന്നീട് പരിഷത്തിനെ ഒരു വലിയ ജനകീയ ശാസ്ത്രപ്രസ്ഥാനമാക്കി വളർത്തുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
കേരളത്തിലെ സമ്പൂർണ സാക്ഷരതാ പ്രവർത്തനങ്ങളിലും ജനകീയ ആസൂത്രണ പദ്ധതിയിലും എം.പി. പരമേശ്വരൻ സജീവമായി പ്രവർത്തിച്ചു. പിന്നീട് ഭാരത് ജ്ഞാൻ വിജ്ഞാൻ സമിതിയിലൂടെയും സാക്ഷരതാ പ്രവർത്തനങ്ങളിൽ പങ്കാളിയായി.
മാർക്സിസ്റ്റ് സൈദ്ധാന്തികൻ എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. സോവിയറ്റ് യൂണിയന്റെയും കിഴക്കൻ യൂറോപ്പിലെ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും തകർച്ചയ്ക്ക് ശേഷം മാർക്സിസത്തെ പുതിയ രീതിയിൽ വ്യാഖ്യാനിച്ച് അദ്ദേഹം നിരവധി ചർച്ചകൾക്ക് തുടക്കമിട്ടു. ‘നാലാം ലോകം’ എന്ന ആശയത്തെച്ചൊല്ലിയുള്ള വിവാദത്തെ തുടർന്ന് അദ്ദേഹം സിപിഐഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ടു.
‘ഉലയാത്ത സ്വപ്നങ്ങൾ’ എന്ന ആത്മകഥയിൽ തന്റെ രാഷ്ട്രീയ, സൈദ്ധാന്തിക, വ്യക്തിജീവിതത്തിലെ അനുഭവങ്ങൾ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. 1935 ജനുവരി 18ന് തൃശൂർ ജില്ലയിലെ കിരാലൂരിലായിരുന്നു ജനനം. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ നിന്ന് ബിരുദം നേടിയ ശേഷം മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ആണവശാസ്ത്രത്തിൽ പിഎച്ച്ഡി നേടി. 1957ൽ ഭാഭാ ആറ്റമിക് റിസർച്ച് സെന്ററിൽ ശാസ്ത്രജ്ഞനായി ചേർന്നു.
സിപിഐഎമ്മിന്റെ പ്രവർത്തകനായിരുന്ന കാലത്ത് ‘ചിന്ത’ വാരികയുടെ പ്രസിദ്ധീകരണ കമ്മിറ്റിയിലും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലും പ്രവർത്തിച്ചു. മാർക്സിസത്തിന്റെ സങ്കീർണമായ ആശയങ്ങൾ സാധാരണക്കാർക്ക് മനസ്സിലാകുന്ന ലളിതമായ ഭാഷയിൽ അവതരിപ്പിച്ച നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചു.
2017ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം എം.പി. പരമേശ്വരന് ലഭിച്ചിരുന്നു. എ.കെ.ജിയുടെ ജീവിതത്തെ ആസ്പദമാക്കി ഷാജി എൻ. കരുണ് സംവിധാനം ചെയ്ത ഡോക്യുമെന്ററിയിൽ ഇ.എം.എസിന്റെ കഥാപാത്രമായും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.




